
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറുമായി മുങ്ങിയ വിരുതന് പോലീസ് പിടിയില്‍. ഇയാളെ കുടുക്കിയതു മുന്തിയ ഹോട്ടലിലെ മുട്ടന്‍ തീറ്റയും ബ്ലാങ്ക് ചെക്കും പോലീസുകാരന്റെ സമയോചിത ഇടപെടലും.
കഴിഞ്ഞ ദിവമാണ് ഇയാള്‍ കാറുമായി മുങ്ങിയത്. നഗരത്തിലടക്കം 22 കിലോമീറ്ററുകള്‍ സഞ്ചരിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ പുഴയ്ക്കലിലെ ഒരു ഹോട്ടലില്‍ കയറി മൂക്കുമുട്ടെ തിന്നു. ബില്ലെത്തിയപ്പോള്‍ കൊടുക്കാന്‍ കൈയില്‍ കാശില്ല. അതിനു വഴിയും കണ്ടെത്തി.
കാറില്‍ ഉടമയുടെ ചെക്കുബുക്കെടുത്തു വന്നു ഒപ്പിട്ടു നല്കി. എത്ര വേണമെങ്കിലും പണം എഴുതിയെടുത്തോളൂ എന്നും പറഞ്ഞു. ഹോട്ടലുകാര്‍ അമ്പരപ്പിലായി. അവിടെ ചായകുടിക്കുകയായിരുന്ന പോലീസുകാരനു സംഭവത്തില്‍ പന്തികേടുതോന്നി.
കാര്‍ കണ്ടപ്പോള്‍ പോലീസുകാരനു കാര്യമെല്ലാം മനസിലായി. ഇതു മോഷണം പോയ കാറാണെന്നും മനസിലായി. പോലീസുകാരുടെ ഗ്രൂപ്പിലൂടെ ഇതുസംബന്ധിച്ച മെസേജ് നേരത്തെ ലഭിച്ചിരുന്നതാണ്. ഒടുവില്‍ മോഷ്ടാവിനെ കാര്‍ സഹിതം പേരാമംഗലം സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കേസ് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി.
പിടിയിലായ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തനിക്കെതിരേയല്ല കേസെടുക്കേണ്ടതെന്നും കാറില്‍ താക്കോല്‍ വച്ചിട്ടു പോയ ഉടമക്കെതിരേയാണ് കേസെടുക്കേണ്ടതെന്നു യുവാവ് പോലീസിനോടു പറഞ്ഞു. യുവാവിന്റെ ബന്ധുക്കളെ വിവരമറിയിച്ച ശേഷം പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു.