ചിറ്റൂർ:പുതുവർഷ ആരംഭത്തിൽ കൊട്ടിഘോഷിച്ച് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇപ്പോൾ മൗനം പാലിക്കുകയാണ്.വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷണശാലകളിലും നിരോധിത പ്ലാസ്റ്റിക് ഉപയോഗം കൂടിയിരിക്കുകയാണ്.
നിരത്തുകൾ,അഴുക്ക് ചാലുകൾ,ബ്രാഞ്ചുകനാലുകൾ,അകംപാടം ചാലുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കൂടി വരികയാണ്.പഞ്ചായത്തുകൾ തോറും മാലിന്യ സംഭരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പൊതുജനം മതിയായ സഹകരണം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ചിറ്റൂർ ടൗണിൽ ബ്രാഞ്ച് കനാലിൽ കൃഷി ആവശ്യത്തിനു വെള്ളമിറക്കിയാൽ റോഡിലേക്ക് കവിഞ്ഞൊഴുകുന്നത് പതിവു കാഴ്ച്ചയാണ്. ആശുപത്രി ജംഗ്ഷൻ ,സൗദാംബിക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്നത്.കനാലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം കാരണം ജലഗതാഗതം തടസ്സപ്പെടുന്നതിനു കാരണമാവുന്നത്.
ഇത്തരം പ്ലാസ്റ്റിക് കവറുകളെല്ലാം എത്തിച്ചേരുന്നത് വയലുകളിലുമാണ്. പ്ലാസ്റ്റിക് കവറുകൾക്ക് ബദലായി മറ്റു രീതികൾ പ്രാബല്യത്തിലെത്താതതും വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.ദൂര ദിക്കിൽ നിന്നും വാഹന യാത്രക്കാർ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും ഒഴിഞ്ഞ കുടിവെള്ള ബോട്ടിലുകളും റോഡുവക്കത്ത് തള്ളുന്ന പ്രവണയാണ് ഇപ്പോഴുമുള്ളത്.
താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യ തള്ളൽ ശിക്ഷാർഹമാണെന്ന് അറിയിക്കുന്ന പരസ്യ ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹനമോടിക്കുന്നവർ കാണും വിധം സ്ഥാപിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്.തമിഴ്നാട്ടിൽ പ്ലിസ്റ്റിക് കവർ ഉപയോഗത്തിന് നിരോധനമില്ല.
ഇക്കാരണത്താൽ താലൂക്കിന്റെ കിഴക്കൻ അതിർത്തിയായ തമിഴ്നാട്ടിൽ നിന്നും വരുന്നവർ പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നത് ശീലമായിരിക്കുകയാണ് പുതിയ നിയമ വ്യവസ്ഥകൾ ബന്ധപ്പെട്ട അധികൃതർ പ്രബല്യത്തിൽ കൊണ്ടു വരുന്പോൾ ആദ്യത്തെ ഒരു മാസം പരിശോധനകൾ നടത്തുന്നതോടെ പിന്നിട് ആ മേഘലയിലേക്ക് തിരിഞ്ഞു നോക്കാറേയില്ല. ഇത് വ്യവസ്ഥ ലംഘിക്കുന്നവർക്ക് കൂടുതൽ സഹായവുമാവുന്നുണ്ട്.