വടക്കഞ്ചേരി: കൊറോണ ഭീതിയിൽ ജനങ്ങൾ യാത്ര കുറച്ചത് കഐസ് ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ കളക്ഷനിൽ വൻ ഇടിവ് ഉണ്ടാക്കുന്നു.
ദിവസം നാലരലക്ഷം രൂപ കളക്ഷൻ വന്നിരുന്ന കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്്ഷൻ കുറഞ്ഞ് ദിവസം മൂന്നുലക്ഷംപോലും തികയാത്ത സ്ഥിതിയാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
ഡീസൽ അടിക്കാനുള്ള കളക്ഷൻപോലും ഭൂരിഭാഗം സർവീസുകൾക്കും ഇല്ലാതായി. ഇതുമൂലം സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഡിപ്പോയുടെ യാർഡിൽ നിറയെ ബസുകളാണ് പകൽ സമയം നിർത്തിയിടുന്നത്.
വലിയ സ്റ്റാൻഡുകളിൽപോലും ബസ് നിർത്തിയിട്ടാൽ നാലു യാത്രക്കാർ കയറാനില്ലാത്ത സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ദിനംപ്രതി 20,000 രൂപ കളക്ഷൻ ലഭിച്ചിരുന്ന കോഴിക്കോട് സർവീസുകൾക്ക് ഇപ്പോൾ 10,000 രൂപ തന്നെ തികയുന്നില്ല.
കൊറോണ ഭീതിയിൽ സ്വകാര്യ ബസുകളിൽ 70 ശതമാനം യാത്രക്കാർ കുറഞ്ഞെന്ന് തൃശൂർ-പാലക്കാട് റൂട്ടിലെ ബസ് ഉടമയും യൂണിയൻ ഭാരവാഹിയുമായ വിപിൻ ആലപ്പാട്ട് പറഞ്ഞു. ഡീസലിനും തൊഴിലാളികൾക്കു ശന്പളം കൊടുക്കാനും കളക്ഷൻ തികയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്.
ഇതുമൂലം വരുംദിവസങ്ങളിൽ ബസുകളുടെ എണ്ണം വളരെ കുറയും. ഇതുവരെയുണ്ടാകാത്ത കളക്ഷൻ കുറവാണ് ഇന്നലെയുണ്ടായത്.രണ്ടാം ശനിയായ ഇന്നും ഞായറാഴ്ചയുമായി രണ്ടുദിവസവും യാത്രക്കാരില്ലാതെ വലിയ നഷ്ടത്തിലാകും ബസുകൾ സർവീസ് നടത്തുക.
ഉച്ചസമയങ്ങളിലെ കനത്ത ചൂടും യാത്ര ഒഴിവാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് ആളുകൾ യാത്ര ചെയ്യുന്നത്. സ്കൂളുകൾ പ്രവർത്തിക്കാത്തതിനാൽ അതുവഴിയുള്ള യാത്രക്കാരും ഇല്ലാതായി.
കഐസ് ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിൽ 52 ബസുകളുള്ളതിൽ പതിനഞ്ചും പതിനെട്ടും ബസുകൾ ഓട്ടംനിർത്തി യാർഡിൽ കിടപ്പാണ്. എല്ലാ ഡിപ്പോകളിലും ഇതുതന്നെയാണ് സ്ഥിതി. ഈാസം കഴിഞ്ഞും കൊറോണഭീതി നിലനിന്നാൽ അത് സർവമേഖലയിലും വലിയ ആഘാതമേല്പിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ തന്നെ ടൗണുകളിൽ ആളുകളില്ലാതെ കച്ചവടസ്ഥാപനങ്ങൾ മുന്പെങ്ങും ഇല്ലാത്തവിധമുള്ള സാന്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. വേനലവധിയിലെ കളക്ഷൻ ലക്ഷ്യംവച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങളെല്ലാം ഈ സ്ഥിതി തുടർന്നാൽ പാഴ് ചെലവാകും.