വണ്ടിത്താവളം:മരുതന്പാറ റോഡ് തകർന്ന് വാഹനയാത്ര അതിദുഷ്ക്കരം. ഇതു വഴി ഓട്ടോറിക്ഷ സഞ്ചാരം പോലും തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം പോലെയാണ്.
രണ്ടു സ്വകാര്യ ബസുകൾ ഇതുവഴി സർവ്വീസ് നടത്തിയിരുന്നത് നിരന്തരം യന്ത്രതകരാറുകാരണം നിർത്തിയത് വർഷങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വണ്ടിത്താവളം ടൗണിൽ നിന്നും വിളയോടി സ്വകാര്യ ആശുപത്രിയിലേക്ക് ദൂരക്കുറവെന്നതിൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്നത് ഇതുവഴിയാണ്.
അത്യാവശ്യ കാര്യങ്ങൾക്കും ,അടിയന്തര ചികിത്സക്കും ഈ പ്രദേശത്തുള്ളവർക്ക് ആശ്രയം ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളാണ്.എന്നാൽ റോഡിലുട നീളം ഗർത്തം കാരണം ഇഴഞ്ഞു സഞ്ചരിക്കുന്നതുമൂലം ഇന്ധന ചില കൂടുന്നതിനാൽ നിരക്കു ഇരട്ടി നൽകേണ്ടതായും വരുന്നുണ്ട്.
വണ്ടിത്താവളം ടൗണിൽ ഗതാഗത തടസ്സമുണ്ടായാൽ മീനാക്ഷി പുരം ഭാഗത്തേക്ക് പോവാൻ ബൈപാസ് റോഡായിരുന്നു ഉപയോഗിച്ചിരുന്നത്.മരുതന്പാറ,വണ്ടിത്താവളം കെ.കെ.എം. ഹൈസ്ക്കൂളിലേക്ക് സ്ഥലങ്ങളിൽ നിന്നും നൂറിലധികം വിദ്യാർത്ഥികൾ പോവുന്നുണ്ട്.
ബസ്സോട്ടം നിലച്ചതോടെ രണ്ടര കിലോമീറ്റർ ദൂരം വിദ്യാർത്ഥികൾ നടന്നു പോവുന്നതും തിരിച്ചു വരുന്നതും ഏറെ വിഷമകരമാണ്. മരുതന്പാറ റോഡ് പുനർനിർമ്മിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞും പ്രാഥമിക നടപടികൾ പോലും ഉണ്ടാവാത്തത് പ്രദേശവാസികളെ കൂടുതൽ നിരാശപ്പെടുത്തിയിരിക്കയാണ്.