കാസര്‍ഗോഡ് : മണല്‍ക്കടത്ത് കേസിലെ പ്രതി വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു.
കാസര്‍ഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നിര്‍ദേശപ്രകാരമാണ് ഉളുവാറിലെ ഓണന്ത ലത്തീഫി(40)നെതിരേ കുമ്പള പോലീസ് കേസെടുത്തത്.
കുമ്പളയ്ക്കു സമീപം ബംബ്രാണയിലെ വില്ലേജ് ഓഫീസര്‍ കീര്‍ത്തനയ്ക്കു നേരേയാണ് ഇയാള്‍ ഓഫീസില്‍ കയറി ഭീഷണി മുഴക്കിയത്.
ഭീഷണി ഭയന്നു വില്ലേജ് ഓഫീസര്‍ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
വധഭീഷണി മുഴക്കിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
താന്‍ എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ടു കളിക്കുന്ന ആളാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും വീഡിയോയില്‍ ലത്തീഫ് പറയുന്നുണ്ട്.
തനിക്കെതിരേ നീങ്ങിയാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫീസറെ മാത്രമല്ല ജില്ലാ കളക്ടറെയായാലും നേരിടുമെന്നും പറയുന്നുണ്ട്.
കഴിഞ്ഞദിവസമാണ് മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ അടയ്ക്കാത്തതിന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമുള്ള റവന്യൂ റിക്കവറി നോട്ടീസ് ബംബ്രാണ വില്ലേജ് ഓഫീസര്‍ ലത്തീഫിന്റെ വീട്ടില്‍ പതിച്ചത്.
ഇതേത്തുടര്‍ന്നാണ് യുവാവ് വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്.
നേരത്തെ കളക്ടറുടെ ഉത്തരവ് കൈമാറാനെത്തിയപ്പോള്‍ കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വനിതാ വില്ലേജ് ഓഫീസറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.