തെന്മല : കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചന്ന പരാതിയില്‍ നാട്ടുകാര്‍ പിടികൂടി തെന്മല പോലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശിനിയെ സംബന്ധിച്ച് ദുരൂഹത തുടരുന്നു.
ഇന്നലെ രാവിലെ ഒറ്റക്കല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങിയ തിരുന്നല്‍വേലി സ്വദേശിനി ഷണ്മുഖതായ് നാട്ടുകാരോട് പറഞ്ഞത് സ്ഥലം മാറി ഇറങ്ങിയതാണ് തനിക്ക് ചെങ്കോട്ടയിലേക്കാണ് പോകേണ്ടത് എന്നുമാണ്. തന്റെ കൈല്‍ വണ്ടികൂലിക്കോ, ഭക്ഷണം കഴിക്കാനോ പൈസ ഒന്നുമില്ലഎന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് റയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു പാഴ്സനേജില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ഇവരെ പിന്നീട് പ്രദേശവാസികള്‍ കണ്ടില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് ഉറുകുന്നിനു സമീപം മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് നാട്ടുകാര്‍ ഈ യുവതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈല്‍ കയറി പിടിക്കുകയും അയല്‍വാസിയ യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു എന്നും പോലീസിനു നാട്ടുകാര്‍ നല്കിയ മൊഴിയില്‍ പറയുന്നു.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഷണ്മുഖതായിയുടെ കൈല്‍ നിന്നും 63000 രൂപയും മൂന്നു സ്വര്‍ണ്ണ മാലകളും പോലീസ് കണ്ടെത്തി. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്.
ഇത് തന്റെ പണവും സ്വര്‍ണ്ണവുമാണെന്ന് ഷണ്മുഖതായി പറയുമ്പോഴും പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇവരുടെ സ്ഥലമായ തിരുന്നല്‍വേലി പോലീസിന് യുവതിയുടെ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ് തെന്മല പോലീസ്.
മാത്രമല്ല യുവതിയുടെ വിരലടയാളം അടക്കം ശേഖരിച്ച പോലീസ് സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകളിലെക്ക് ഇവരുടെ വിവരം കൈമാറിയിട്ടുണ്ട്.
ഇന്ന് കോടതിയിൽ ഹാജരാക്കും. തെന്മല പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ആണ് കേസ് അന്വേഷിക്കുന്നത്.