കോടാലി: മാല കവരാൻ ശ്രമം നടന്ന വീടിന്റെ ചുമരിൽ അടയാളം വരച്ചിട്ട നിലയിൽ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. മാങ്കുറ്റിപ്പാടം മാന്പിലായിൽ സുധാകരന്റെ വീട്ടിലാണ് സംഭവം.
വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന്റെ പുറകുവശത്തുള്ള ഭിത്തിയിൽ അവരോഹണ ചിഹ്നം ഇട്ട ശേഷം രണ്ട് എന്നെഴുതി വട്ടം വരച്ചിരിക്കുന്ന നിലയിൽ കണ്ടത്.
പരിഭ്രാന്തരായ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ബുധനാഴ്ച സന്ധ്യക്ക് ഏഴരയോടെ വീടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ സുധാരൻരെ ഭാര്യ ഷീലയെ ആരോ പുറകിൽ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല കവർന്നെടുക്കാൻ ശ്രമിച്ചിരുന്നു.
കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വർണമാല ബലപ്രയോഗത്തിനിടെ പൊട്ടുകയും മാലയുടെ ഒരു ഭാഗം ഷീലയുടെ കയ്യിൽ കിട്ടിയെങ്കിലും ബാക്കി മോഷ്ടാവിന്റെ കയ്യിൽ അകപ്പെട്ടു.
ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി . സംഭവസ്ഥലത്തും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും മാലയുടെ നഷ്ടപ്പെട്ട ഭാഗം കണ്ടെത്താനായില്ല.
ഏതാനും മണിക്കൂറിനുശേഷം വീട്ടുപരിസരത്ത് നിന്ന് തന്നെ മാലയുടെ നഷ്ടപ്പെട്ട ഭാഗം കണ്ടുകിട്ടിയിരുന്നു. മോഷണ ശ്രമം നടന്നതിനു തൊട്ടടുത്ത രാത്രിയിൽ തന്നെ വീടിന്റെ പുറകുവശത്തെ ഭിത്തിയിൽ അടയാളങ്ങൾ വരച്ചിട്ടത്ത് വീട്ടുകാരേയും പരിസരവാസികളേയും ഭീതിയിലാക്കിയിട്ടുണ്ട്.
മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ സംഭവം ഉണ്ടായ വീടു സന്ദർശിച്ചു.