ചെന്നൈ: നടൻ വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗിൽ, മാസ്റ്റർ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്.
ക്ലീൻ ചിറ്റിന് തൊട്ടുമുന്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകൾ പിൻവലിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ മുൻ റെയ്ഡിനിടെ സീൽ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുത്തു.
വിജയ് നായകനായ ബിഗിലിന്റെ നിർമാണത്തിന് പണം പലിശയ്ക്ക് നൽകിയ അൻപുചെഴിയാന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.
തുടർന്നാണ് വിജയ് യെ ചോദ്യം ചെയ്തത്. നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവിൽ, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു.
മാസ്റ്ററിന് വാങ്ങിയത് 80 കോടി രൂപ
നടൻ വിജയിന് ആദായനികുതി വകുപ്പ് ക്ലീൻ ചിറ്റ് നൽകിയതിന് തൊട്ടുപിന്നാലെ വിജയ് സിനിമകൾക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദർ.
ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ്യുടെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു വിവരങ്ങൾ പുറത്ത് വിട്ടത്.
ബിഗിൽ എന്ന ചിത്രത്തിന് വിജയ് 50 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടി രൂപയും.
ഏപ്രിൽ ഒന്പതിനാണ് മാസ്റ്റർ പുറത്തിറങ്ങുന്നത്. നികുതിയുടെ കാര്യത്തിൽ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി.