ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ “ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ.
ഡൽഹിയിലെ മന്ദിർ മാർഗിലുള്ള അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസിലാണു ആദ്യ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്.
ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിൽ പങ്കെടുത്തവർക്കു ഗോമൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നൽകി.
ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിർമിക്കുന്നത്.
200 പേർ പരിപാടിയിൽ പങ്കെടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികൾ വ്യാപിപ്പിക്കാനാണു തീരുമാനം.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ.
ഇതിനിടയിലാണ് ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാർട്ടിയുമായി രംഗത്തെത്തുന്നത്. ഗോമൂത്രത്തിന് ഒൗഷധ ഗുണമുണ്ടെന്ന വാദത്തെ ശാസ്ത്രലോകം തള്ളിയിട്ടുണ്ട്.
കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് കൊല്ലാമെന്നു ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു.
സഹായത്തിനു വേണ്ടിയുള്ള മൃഗങ്ങളുടെ കരച്ചിൽ കേട്ടാണു കൊറോണ ഇന്ത്യയിലെത്തിയതെന്നും മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണയെന്നും ചക്രപാണി മഹാരാജ് പറയുന്നു.