കോവിഡ് -19 കേരളത്തിന്റെ സാന്പത്തിക മേഖലയിൽ കനത്ത സാന്പത്തിക നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചലച്ചിത്ര ടെലിവിഷൻ രംഗത്തും തിരിച്ചടി നേരിടുമെന്നാണ് കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തു കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയറ്ററുകൾ അടച്ചിടുന്നതോടെ 1,500 കോടിയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന 40-ഓളം ചിത്രങ്ങൾ നിർത്തിവെക്കേണ്ടി വന്നാൽ നഷ്ടം ഭീമമാകും. ഒപ്പം ഈ സിനിമകളുടെ പ്രീ-പ്രോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നിശ്ചലമാകും.
അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഒരു ദിവസം സിനിമയ്ക്കായി പ്രവർത്തന ബജറ്റ് ചെലവാകുന്നത്.
അടുത്ത വാരങ്ങളിൽ തിയറ്ററിലെത്തുന്ന മലയാളത്തിലെ വന്പൻ ബജറ്റിലുള്ള ചിത്രങ്ങളടക്കം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തു 650 തിയറ്ററുകളാണ് മാളുകളിലടക്കം ഇപ്പോൾ പ്രവർത്തിക്കുന്നത്.
സിനിമാ മേഖലയുടെ ചരിത്രത്തിൽ സംസ്ഥാന തലത്തിൽ ഇത്തരം ഒരു പ്രതിസന്ധി നേരിടുന്നത് ആദ്യമായാണ്. ഇതു ആഗോള റിലീസിനേയും അടിമുടി കിഴ്മേൽ മറിക്കും.
മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വണ്, ടോവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം മാസ്റ്റർ തുടങ്ങിയ ഒരുപിടി ചിത്രങ്ങളാണ് റിലീസ് മാറ്റിയിരിക്കുന്നത്.
ഇപ്പോൾ നിറഞ്ഞ പ്രദർശനം തുടരുന്ന വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഫോറൻസിക്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ട്രാൻസ്, കപ്പേള എന്നീ ചിത്രങ്ങളൊക്കെ ഈ പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്.
വിനോദ ചാനൽ രംഗത്തും പ്രതിസന്ധി തുടരുകയാണ്. മാർച്ച്- ഏപ്രിൽ മാസങ്ങളിലായി വിവിധ സ്റ്റേജ് ഷോകളാണ് ഓരോ ചാനലും പ്ലാൻ ചെയ്തിരുന്നത്.
ഓഡിയൻസ് ബേസ്ഡ് പ്രോഗ്രാമുകളും മാറ്റിവെക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. പല ചാനലുകളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും നിർത്തിക്കഴിഞ്ഞു. രണ്ടു പ്രധാന മേഖലകളും മരവിച്ചു കിടക്കുന്ന കാര്യങ്ങളിലേക്കാണ് എത്തുന്നത്.
ഇനി മറ്റു പൊതുവിനോദങ്ങൾ ഇല്ലാതെ വീടുകളിലേക്കു ജനങ്ങൾ ഒതുങ്ങുന്ന സാഹചര്യത്തിൽ ടെലിവിഷൻ പ്രോഗ്രാമുകൾക്കു പ്രേക്ഷകർ കൂടുമെന്ന വിലയിരുത്തലുമുണ്ട്. ഈ ഘട്ടത്തിൽ സിനിമകളിലൂടെ റേറ്റിംഗ് ഉയർത്താനുള്ള ലക്ഷ്യത്തിലാണ് ചാനലുകളും.
സിനിമ-ടെലിവിഷൻ വിനോദ പരിപാടികൾ നിന്നുപോയാലും നമുക്ക് കോവിഡ്-19നെ പിടിച്ചുകെട്ടാം ഒന്നിച്ചുള്ള പ്രതിരോധത്തിലൂടെ…
പ്രേം ടി. നാഥ്