കോട്ടയം: പാലാ ഈരാറ്റുപേട്ടയ്ക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഇരുമാപ്ര, തലനാട് വെള്ളാനി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളാനിയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശി അമൃതിന്റെയാണെന്ന് തിരിച്ചറിഞ്ഞു. ഇരുമാപ്രയിലെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച വൈകുന്നേരമാണ് രണ്ടിടങ്ങളിലും മൃതദേഹം കണ്ടത്. മേലുകാവ് ഇരുമാപ്രയിൽ കണ്ട മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല.
കോണിപ്പാട്-ഇരുമാപ്ര റോഡിൽ പള്ളിക്ക് സമീപത്തായി റോഡിൽ നിന്നും 20 അടിയോളം താഴെ കൊക്കയിലാണ് മൃതദേഹം കിടന്നിരുന്നത്. കമിഴ്ന്ന നിലയിലായിരുന്നു മൃതശരീരം. ആളെ തിരിച്ചറിഞിട്ടില്ല. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്.
പൊതുവെ വിജനമായ മേഖലയാണിവിടം. മൃതദേഹത്തിന് സമീപത്തായി ഒരു കൈലിമുണ്ടും കിടപ്പുണ്ട്. മൃതദേഹത്തിൽ പ്ലാസ്റ്റിക് കയർ ചുറ്റിയ നിലയിലാണ്.
മറ്റെവിടെനിന്നെങ്കിലും കൊണ്ടുവന്നിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
മിസിംഗ് കേസുകൾ പോലീസ് പരിശോധിച്ചു വരികയാണ്. ഈ ഭാഗത്ത് വന്ന് ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്ന് പോലീസ് പറയുന്നു. പ്രഥമദൃഷ്ട്യാ ദുരൂഹതയണ്ടെന്നാണ് സൂചന. മേലുകാവ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
വാഗമണ് പുള്ളിക്കാനം കൊക്കയുടെ താഴെ തലനാട് വെള്ളാനി ഭാഗത്താണു പാറയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടത്. എറണാകുളം പൂക്കാട്ട്പടി പുത്തൻപറന്പിൽ അമൃതി (26) ന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഇയാൾ പുള്ളിക്കാനം മലയിലേക്ക് കയറി പോകുന്നത് ആളുകൾ കണ്ടിരുന്നു. ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.