നെടുങ്കണ്ടം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ രാത്രിയിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സെല്ലിൽ അടച്ചതായും കസ്റ്റഡിയിലെടുത്ത് കെ എസ്ആർടിസി ബസിൽ വരുന്പോൾ പോലീസുകാരുടെ മദ്യക്കുപ്പികൾ അടങ്ങിയ ബാഗ് മടിയിൽ വച്ച് ബസിന്റെ തറയിൽ ഇരുത്തിയതായും ആരോപണം.
നെടുങ്കണ്ടം പോലീസിനെതിരേയാണ് നെടുങ്കണ്ടം സ്വദേശിയായ പറന്പടത്ത് വിജയനും കുടുംബവുമാണ് ആരോപണം ഉന്നയിച്ചത്. ഇയാൾ നടത്തുന്ന കംഫർട്ട് സ്റ്റേഷനിൽ എത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ് നടന്നത്.
എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും വിജയൻ പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടിയുടെ പിതാവ് തന്റെ സ്ഥാപനത്തിലെത്തി അവിടെവച്ച് മദ്യപിക്കാൻ ശ്രമിച്ചിരുന്നു. ഇത് അനുവദിക്കാതിരുന്നതിലുള്ള വൈരാഗ്യമാണ് തന്നെ കേസിൽ കുടുക്കാൻ കാരണം.
പോക്സോ കേസ് ആയതിനാൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് മുട്ടത്തെ കോടതിയിൽ കീഴടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനിടെ താൻ ഗോവയിലാണെന്ന് തെറ്റിദ്ധരിച്ച് രണ്ട് പോലീസുകാർ അവിടെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 26 ന് തൊടുപുഴ കോടതിയിൽ ഹാജരായപ്പോൾ കേസിന്റെ രേഖകൾ കോടതിയിൽ എത്തിയിട്ടില്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പിൽ ഹാജരാകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് ഗോവയിൽ നിന്നും തിരികെയെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിലെടുത്ത് കെഎസ്ആർടിസി ബസിൽ നെടുങ്കണ്ടത്തേക്ക് കൊണ്ടുവന്നു.
കൈയിൽ വിലങ്ങ് അണിയിച്ച ശേഷം സീറ്റിൽ പൂട്ടിയിടുകയും ബസിന്റെ പ്ലാറ്റ് ഫോമിൽ ഇരുത്തുകയും ചെയ്തു.
കുപ്പി പൊട്ടിയാൽ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതുപോലെ ഉരുട്ടിക്കൊല്ലും എന്ന് ആക്രോശിക്കുകയും സ്ത്രീകളും കുട്ടികളും കേൾക്കെ അസഭ്യവർഷം നടത്തുകയും ചെയ്തതായി ഇയാൾ പറഞ്ഞു.
നിരപരാധിയായ തന്റെ കേസ് സംബന്ധിച്ച് ഒരന്വേഷണവും പോലീസ് നടത്തുന്നില്ല. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇയാൾ പറഞ്ഞു.
എന്നാൽ പ്രതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നെടുങ്കണ്ടം സിഐ ജയകുമാർ പറഞ്ഞു.
ഇയാൾ ഗോവയിൽ സഹോദരിക്കൊപ്പം ഉണ്ടായിരുന്നതായി പോലീസിന്റെ പക്കൽ തെളിവുണ്ട്. പോലീസ് എത്തുന്നതായി അറിഞ്ഞ് രക്ഷപെടുകയായിരുന്നു.
പ്രതി ഇവിടെ എത്തിയതായി സഹോദരിയുടെ മൊഴിയും ഉണ്ട്. കെ എസ്ആർടി സി ബസിൽ പ്ലാറ്റ് ഫോമിൽ ഇരുത്തിയതായും സെല്ലിൽ അടിവസ്ത്രം ധരിപ്പിച്ച് കിടത്തിയതുമായുള്ള ആരോപണങ്ങൾ തെറ്റാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സിഐ പറഞ്ഞു.