കോട്ടയം: ജാഗ്രതയും സുരക്ഷയും ഏറിയപ്പോൾ ശുചിത്വത്തിൽ ഇപ്പോഴും പിന്നോക്കം പോവുകയാണ് നഗരം. കോവിഡ് -19 സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാസ്ക് വച്ച മുഖത്തോടെയാണ് നഗരത്തിൽ ജനങ്ങളെ കണ്ടിരുന്നത്.
എന്നാൽ ഉപയോഗിച്ചതിനുശേഷം മാസ്കുകൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന കാഴ്ചയാണ് ഇപ്പോൾ പതിവായിരിക്കുന്നത്.
വൈറസിനെതിരേ പഥമിക സുരക്ഷ എന്ന നിലയിൽ മാസ്ക് ഉപയോഗിച്ചു വായും മൂക്കും മറയ്ക്കുന്നതും സാനിറ്റൈസർ ഉപയോഗിച്ച കൈകൾ കഴുകുന്നതുമാണ് ആരോഗ്യപ്രവർത്തകർ ജനങ്ങൾക്കു നൽകിയ നിർദേശം. ഉപയോഗശേഷം മാസ്ക് കത്തിച്ചുകളണമെന്നും അവർ നിർദേശം നൽകിയിരുന്നു.
ഉപയോഗിക്കാൻ തിക്കും തിരക്കും കൂട്ടിയവർ മാസ്ക് അലക്ഷ്യമായി വലിച്ചെറിയുകയാണ് ഇപ്പോൾ. കുട്ടികളും മുതിർന്നവരും നടന്നു പോകുന്ന നിരത്തുകളിലും പൊതുവിടങ്ങളിലും വീട്ടുവളപ്പിലും മാസ്ക് വലിച്ചെറിയുന്നത് അതീവ സുരക്ഷാപാളിച്ചയാണ്.
നഗരത്തിലെ എല്ലാ റോഡിന്റെ ഇരുവശങ്ങളിലും ഉപയോഗിച്ച മാസ്ക് വലിച്ചെറിഞ്ഞ ദൃശ്യം പതിവു കാഴ്ചയാവുകയാണ്.
ഇതിനു പുറമേ ഉപയോഗിച്ച സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പികളും അലക്ഷ്യമായി വലിച്ചെറിയുകയാണ്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വിറ്റുപോയ മാസ്കുകളുടേയും സാനിറ്റൈസറുകളുടേയും എണ്ണം വളരെ കൂടുതലാണ്.
ഇവ ഉപയോഗത്തിനുശേഷം എങ്ങനെ നിർമാർജനം ചെയ്യണം എന്ന നിർദേശം നൽകുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ആരോഗ്യസംരക്ഷണത്തിലും ശുചിത്വത്തിലും മുന്നിൽ നിൽക്കുന്നവർ തന്നെയാണ് തെറ്റായ ശീലങ്ങൾ ആവർത്തിക്കുന്നത്.
പൊതു ഇടങ്ങളിൽ തുപ്പുക, മലമൂത്ര വിസർജനം നടത്തുക, തുമ്മുന്പോഴും മതിയായ കരുതൽ ഇല്ലാതിരിക്കുക തുടങ്ങിയ ശീലങ്ങൾ മാറ്റമിവല്ലാതെ തുടരുകയാണ്.
ഇതിനു പുറമേ ഉപയോഗിച്ച തൂവാലകൾ, കുട്ടികൾക്കുപയോഗിച്ച ഡയപറുകൾ എന്നിവയും പൊതവിടങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്നതു കാണാം.