കോട്ടയം: മകളുടെയും മരുമകന്റെയും മൃതദേഹം പോലും കാണാൻ കഴിയാതെ പ്രവാസി. എംസി റോഡ് പെരുന്പാവൂർ പുല്ലുവഴിയിൽ തടിലോറിയിൽ കാർ ഇടിച്ച് മരിച്ച സുമയ്യയുടെ പിതാവിനാണ് ഈ ഗതികേട്. സുമയ്യ ഏഴു മാസം ഗർഭിണിയായിരുന്നു.
സുമയ്യയുടെ പിതാവ് ഇസ്മയിൽ രണ്ടു വർഷമായി ഗൾഫിലാണ്. വിദേശത്ത് ജോലിയിൽ പ്രവേശിച്ച ഉടനെയായതിനാൽ ഇസ്മായിലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴാകട്ടെ കൊറോണ വൈറസ് മൂലം നാട്ടിലേക്ക് വരാൻ സാധിക്കാത്തതിനാൽ സംസ്കാര ചടങ്ങുകളിലും ഇദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല.
ചൊവ്വാഴ്ച ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ദന്പതികൾ കാഞ്ഞിരപ്പള്ളി പുഞ്ചവയലിലെ വീട്ടിലേക്കു വരുന്പോഴാണ് അപകടം ഉണ്ടായത്.
ഗർഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു.
പുലർച്ചെ പെരുന്പാവൂരിൽ നിന്നു പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണു വീട്ടുകാർ അപകടവിവരം അറിഞ്ഞത്.
മലപ്പുറം കോഡൂർ വലിയാട് സ്വദേശികളായ വക്കിയതുകൂടി വീട്ടിൽ സലാഹുദീൻ മകൻ ഹനീഫ് മൗലവി നജ്മി (28), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (21) എന്നിവരാണു ഞായറാഴ്ച പുലർച്ചെ മരിച്ചത്.