ഇരിട്ടി: സംസ്ഥാന അതിർത്തികളിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള പരിശോധന കർശനമാക്കണമെന്ന സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കൂട്ടുപുഴ ചെക്ക്പോസ്റ്റ്.
എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മാത്രമാണ് ഇവിടെ പരിശോധന നടക്കുന്നത്. എക്സൈസ് കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാണ് പരിശോധന നടത്തുന്നത്.
എന്നാൽ രോഗികളെ തിരിച്ചറിയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ ഇല്ലാത്തതിനാൽ പരിശോധ പ്രഹസനം മാത്രമായിരിക്കുകയാണ്.
അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ച കർണാടകയുമായി അതിർത്തി പങ്കിടുന്നതാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റ്.
വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരിൽ ചിലർ ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും വാഹനമാർഗമാണ് കൂട്ടുപുഴ വഴി കണ്ണൂരിൽ എത്തുന്നത്.
കൂടാതെ ബംഗളൂരുവിൽ നിന്നുള്ള വിദ്യാർഥികളും ബസ് മാർഗം കേരളത്തിലേക്ക് എത്തുന്നത് കൂട്ടുപുഴ വഴിയാണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇവിടെ ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ് സംയുക്ത പരിശോധന ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്