കോതമംഗലം: വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിംഗ് കോളജ് വിദ്യാർഥികൾ.
ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വൈദ്യുത കാറും വാഹനത്തിൽനിന്നു വൈദ്യുത പവർ ലൈനിലേക്ക് വൈദ്യുതി നൽകാൻ കഴിയുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനവുമുള്ള കാറുമാണ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീറിംഗ് വിദ്യാർഥികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇവർ നിർമിച്ച വാഹനം പുനെയിൽ നടന്ന കെപിഐടി രാജ്യാന്തര മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൂടാതെ 5000 ത്തിലധികം മത്സരാർഥികൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നു യോഗ്യത നേടുകയും രാജ്യാന്തര തലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
വിദ്യാർഥികളുടെ നൂതന ആശയത്തിന് സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്ത് രണ്ട് കന്പനികൾ വന്നത് ശ്രദ്ധേയമായ നേട്ടമായി.
പഴയൊരു മാരുതി കാറിലാണ് ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വാഹനം ഇവർ സജ്ജമാക്കിയത്. കാറിന്റെ എൻജിൻ ഭാഗം മാറ്റി പകരം 10 കിലോ വാട്ട് ശേഷിയുള്ള ബിഎൽഡിസി മോട്ടോർ വച്ചാണ് റെട്രോഫിറ്റഡ് ഇലക്ട്രിക്ക് കാർ തയാറാക്കിയിരിക്കുന്നത്.
ശബ്ദം കൊണ്ടോ മൊബൈൽ ഫോണ് ഉപയോഗിച്ചോ ഈ വാഹനത്തെ 100 മീറ്ററിനുള്ളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കും. പഴയ വാഹനത്തിന്റെ ഗിയർ ബോക്സ് നിലനിർത്തിയിരിക്കുന്നതിനാൽ സാധാരണ വൈദ്യുത വാഹനങ്ങൾ നൽകുന്നതിലും കൂടുതൽ പവർ നൽകാനാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
നാല് മണിക്കൂർകൊണ്ട് ഫുൾ ചാർജ് ചെയ്യാൻ സാധിക്കുന്ന വാഹനം ഒറ്റ ചാർജിങ്ങിൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത വരെ വാഹനത്തിന് കൈവരിക്കാനാകും.
പഴയ വാഹനങ്ങളിൽ ഇത്തരം സംവിധാനം ഘടിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉയർന്ന പെട്രോൾ വിലയിൽനിന്നു മുക്തി നേടുന്നതിനും കിലോമീറ്ററിന് ഒരു രൂപയിൽ താഴെ യാത്ര ചെയ്യുവാനും സാധിക്കുമെന്നും വിദ്യാർഥികൾ അവകാശപ്പെടുന്നു.
വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുക അപ്രായോഗികമായതിനാൽ ഇതിനുള്ള പരിഹാരമായി വെഹിക്കിൾ ടു ഗ്രിഡ് സംവിധാനമുള്ള കാറും ഇവർ രൂപകൽപ്പന ചെയ്തു.
പൂർണമായും സൗരോർജംകൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഈ വാഹങ്ങൾ പ്രവർത്തിക്കുന്നതിന് മറ്റ് ചിലവുകൾ ഒന്നും തന്നെ ഇല്ലായെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നത്.
അധ്യാപകരായ അരുണ് എൽദോ ഏലിയാസ്, ബേസിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളായ അഫ്സൽ ഇബ്രാഹിം, ജിറ്റോ എൽദോസ്, അലക്സ് പോൾ, ജിബിൻ ബേബി, അമൽ എലിയാസ്, എൻ.ടി. സ്റ്റെബിൻ, ജേക്കബ് രാജു, വർഗീസ് സാബു, ആൽബിൻ തങ്കച്ചൻ, ഗണേഷ് ശ്രീധർ എന്നിവരാണ് ഈ കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ.