തുറവൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒന്നര വയസുകാരനും സ്ത്രീകളും ഉൾപടെ നിരവധി പേർക്ക് പരിക്ക്. തർക്കം പരിഹരിക്കാൻ പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമയത്തായിരുന്നു വീടുകയറി ആക്രമണം.
കുത്തിയതോട് ഒന്നാം വാർഡിൽ ചാപ്പക്കടവ് വെളിയിൽ വർഗീസിന്റെ മകൾ ട്രീസ (24), ഇവരുടെ കുട്ടി ഒന്നര വയസുള്ള ആമോസ്, സെലിൻ വർഗീസ് (26) , വെളിയിൽ ആന്റപ്പന്റെ ഭാര്യ ഷെറി (44), മകൾ ദിവ്യ (24), മകൻ നിധിൻ (20), അമരീസ് (3) എന്നിവരാണ് പരിക്കേറ്റ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവത്തിൽ പൂത്രയിൽ പീറ്റർ , ഭാര്യ മെറിനാ, മക്കളായ അന്തോനി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വഴി നടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുവീട്ടുകാർ തമ്മിൽ വഴക്കുണ്ടായി.
ഇതു സംബന്ധിച്ച് വെളിയിൽ വർഗീസും കുടുംബവും കുത്തിയതോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് ചർച്ച ചെയ്ത് പരിഹരിക്കുവാൻ ഇരുകൂട്ടരേയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പരാതിക്കാരനും കുടുംബവും സ്റ്റേഷനിൽ നിൽക്കുന്ന സമയത്താണ് നാലംഗ സംഘം ഇവരുടെ വീട് കയറി കുട്ടികളെയും സ്ത്രീകളെയും ഉൾപടെയുള്ളവരെ അതിക്രൂരമായി മർദിച്ചത്.
നാട്ടുകാർ ഇടപെട്ടാണ് അക്രമണത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരാതിയിൽ പൂത്രയിൽ പീറ്റർ , ഭാര്യ മെറിനാ, മക്കളായ അന്തോനി, ഡിക്സണ്‍ എന്നിവർക്കെതിരേ കുത്തിയതോട് പോലീസ് കേസെടുക്കുകയായിരുന്നു.