തുറവൂർ: കെഎസ്ഇബി കുത്തിയതോട്, പട്ടണക്കാട്, അരൂർ ഡിവിഷൻ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉപയോക്താക്കളുടെ ബാഹുല്യം മൂലം നല്ല രീതിയിൽ സർവീസ് ലഭിക്കാത്ത അവസ്ഥയെത്തുടർന്നാണ് ആവശ്യം.
ഒരു ഡിവിഷനിൽ 10000 ഉപഭോക്താക്കൾ എന്നതാണ് നിയമം. എന്നാൽ 25000 ലധികം ഉപയോക്താക്കളാണ് ഒരോ ഓഫീസിനു കീഴിലും ഉള്ളത്. ഒരു ഡിവിഷനിൽ 10000 ഉപയോക്താക്കളുടെ കണക്കിലാണ് ഉദ്യോഗസ്ഥ നിയമനം. എന്നാൽ നിലവിൽ ഇത്രയും ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് 25000 ലധികം ഉപയോക്താക്കൾക്ക് സേവനം എത്തിക്കുന്നത്.
അരൂർ കെഎസ്ഇബി ഓഫീസിനു കീഴിൽ 20000 ഉം കുത്തിയതോട് ഡിവിഷനു കീഴിൽ 28000ഉം പട്ടണക്കാട് 26000ഉം അർത്തുങ്കൽ 25000ഉം ഉപയോക്താക്കളാണ് നിലവിൽ ഉള്ളത്. ഇത്രയും ഉപയോക്താക്കൾക്ക് സർവീസ് നൽകുവാനുള്ള ജീവനക്കാർ ഇല്ലാത്തതുമൂലം ഈ മേഖലയിൽ അപകട സാധ്യത വർധിക്കുകയാണ്.
കുത്തിയതോട് ഡിവിഷൻ വിഭജിച്ച് ചാവടി കേന്ദ്രീകരിച്ച് ഡിവിഷൻ ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത് ഇപ്പോഴും ഫയലുകളിൽ ഒതുങ്ങിയിരിക്കുകയാണ്. വർഷ കാലങ്ങളിൽ ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.
താൽകാലിക ജീവനക്കാരെ വച്ചാണ് ഈ ഓഫീസുകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ജനപ്രതിനിധികളും ജീവനക്കാരുടെ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പുതിയ ഡിവിഷനുകളും സബ്ഡിവിഷനുകളും ഉണ്ടാക്കണമെന്നാവശ്യപ്പെട്ടിട്ടും സാന്പത്തിയ ബുദ്ധിമുട്ട് പറഞ്ഞ് സംസ്ഥാന ധനകാര്യ വകുപ്പും കഐസ്ഇബി അധികൃതരും ആവശ്യം നിഷേധിക്കുകയാണ്.
കുത്തിയതോട് കേന്ദ്രീകരിച്ച് കഐസ്ഇബി സബ്ഡിഡിവിഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.