എടത്വ: കുട്ടനാട്ടിൽ താറാവുകൾക്ക് ബാക്ടീരിയ-ഫംഗസ് ബാധയും കോഴിക്കോട്ട് പക്ഷിപ്പനിയും പ്രകടമായതോടെ വിപണിയിൽ കോഴി, താറാവ് വില്പന കുറഞ്ഞു.
കോഴിവില കുത്തനെയാണ് ഇടിഞ്ഞത്. വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളും താറാവുകളും മിക്ക സ്ഥലങ്ങളിലും കൂടുകളിൽ ഭദ്രമാണ്.
ചെറുകിട കച്ചവടക്കാർ കിലോയ്ക്ക് 90 രൂപയോളം വിലയ്ക്ക് വാങ്ങിയ കോഴികളെ 40 രൂപയ്ക്ക് താഴെ ഉപഭോക്താക്കൾക്ക് നൽകാൻ തയാറാണെങ്കിലും ആരും വാങ്ങുന്നില്ല. ദിവസങ്ങൾ കൊണ്ട് ആയിരങ്ങളാണ് ചെറുകിട വിലപ്നക്കാർക്ക് നഷ്ടമായത്.
കോഴി വില്പന ഏതാണ്ട് നിലച്ച മട്ടിലാണ്. പക്ഷിപ്പനി കുട്ടനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആവശ്യക്കാർ ഇല്ലാത്ത അവസ്ഥയാണ്. മുട്ട വില്പനയും നിലച്ചിട്ടുണ്ട്. നാടൻ മുട്ടയുടെ വില്പനയ്ക്കും വൻ ഇടിവാണ് സംഭവിച്ചത്.
ചൂടുകൂടിയതോടെ കോഴിമുട്ട വില്പന കുറഞ്ഞെങ്കിലും താറാവിന്റെ മുട്ടകൾ സുലഭമായിരുന്നു. മുട്ട കച്ചവടം നടത്തി നൂറുകണക്കിന് ആളുകളാണ് ഉപജീവനം നടത്തിയിരുന്നത്.
പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ കുട്ടകളിൽ താറവിന്റെ മുട്ട വിലപ്നയ്ക്ക് എത്താറാണ്ടായിരുന്നു. ഇപ്പോൾ മുട്ടവില്പന നടത്തുന്നവരും വഴിയോരങ്ങളിൽ ഇല്ലാതായിട്ടുണ്ട്.
ബാക്ടീരിയ-ഫഗസ് ബാധയിൽ ഏതാനും കർഷകരുടെ താറാവുകൾ ചത്തൊടുങ്ങിയപ്പോൾ കുട്ടനാട്ടിലെ നൂറോളം കർഷകർക്കാണ് തിരിച്ചടി നേരിട്ടത്.
ആഴ്ചകൾ പിന്നിട്ടാൽ മാത്രമേ വിപണി വീണ്ടും സജീവമാകാൻ സാധ്യതയുള്ളു. മധ്യവേനൽ അവധിക്കാലത്താണ് കോഴികളും താറാവുകളും കൂടുതൽ വിറ്റഴിക്കുന്നത്.
കുട്ടനാട്ടിലെ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുന്നതും വേനൽ അവധിക്കാലത്താണ്. കോവിഡ്-19 ഭീതിയിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്പോഴാണ് പക്ഷിപ്പനിയും, ബാക്ടീരിയ-ഫംഗസ് ബാധയും മേഖലയെ കടുത്ത സമ്മർദത്തിൽ ആക്കിയത്.
പുഞ്ചകൃഷി വിളവെടുത്ത പാടങ്ങളിൽ താറാവുകളെ തീറ്റയ്ക്ക് ഇറക്കുന്നതും പതിവായിരുന്നു. എന്നാൽ ഇക്കുറി താറാവുകളെ പാടത്തിറക്കാൻ കർഷകർ മടിക്കുകയാണ്.
വെള്ളത്തിൽ നിന്നും തീറ്റയിൽനിന്നും ഫാക്ടീരിയ-ഫംഗസ് രോഗം പകരാൻ സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്പോൾ കർഷകരും പിൻതിരിയുകയാണ്.
ഇറച്ചി, മുട്ട വില്പന കുറഞ്ഞതിനൊപ്പം താറാവുകൾക്ക് തീറ്റ നൽകുന്ന ചെലവും കർഷകർക്ക് ഇരട്ടി ബാധ്യതായായി തീർന്നിരിക്കുകയാണ്.
പക്ഷിപ്പനി ബാധയ്ക്ക് സർക്കാർ സഹായം നൽകുന്നുണ്ടെങ്കിലും ബാക്ടീരിയ-ഫംഗസ് ബാധയിൽ ചത്ത താറാവുകൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.
കോഴികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഈ മേഖലയിലെ സാന്പത്തിക ബാധ്യത മനസിലാക്കി സർക്കാർ ഇടപെടണമെന്നാണ് കർഷകരുടേയും ചെറുകിട കച്ചവടക്കാരുടേയും ആവശ്യം.