സ്വന്തം ലേഖകൻ
തൃശൂർ: ലോകം മുഴുവൻ കോവിഡിനെക്കുറിച്ചും കൊറോണയെക്കുറിച്ചും ചർച്ചചെയ്യുന്പോൾ ഇതു കുട്ടികൾക്കു മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുമൊക്കെയുള്ള വിവരങ്ങളടങ്ങിയ കോമിക് പുസ്തകം ഒരുങ്ങി. ഇംഗ്ലീഷിലാണ് പുസ്തകം.
കിഡ്സ്, വായു ആൻഡ് കൊറോണ എന്നാണ് വർണചിത്രങ്ങളടങ്ങിയ കോമിക് പുസ്തകത്തിന്റെ പേര്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിൻ ആൻഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എൻവയണ്മെന്റ് ഹെൽത്ത് അഡീഷണൽ പ്രഫസറായ ഡോ.രവീന്ദ്ര ഖൈവാൾ, അസോസിയേറ്റ് പ്രഫസറും ചെയർപേഴ്സണുമായ ഡോ.സുമൻ മോർ എന്നിവരാണ് കുട്ടികൾക്കായി ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ ആശയം സാധ്യമാക്കിയത്. വാട്സാപ്പിൽ പുസ്തകത്തിന്റെ പൂർണരൂപം പ്രചരിക്കുന്നുണ്ട്.
ടിവി ചാനലിൽ കൊറോണ വൈറസിനെക്കുറിച്ച് വാർത്തയറിഞ്ഞ് അതെന്താണെന്നു മനസിലാകാതെ പേടിച്ചിരിക്കുന്ന കുട്ടികളിൽനിന്നാണ് കഥ തുടങ്ങുന്നത്. അച്ഛനോടു ചോദിച്ചപ്പോൾ വൈകീട്ട് ഓഫീസിൽനിന്നു മടങ്ങിവന്നശേഷം വിശദമായി പറഞ്ഞുതരാമെന്നു പറഞ്ഞ് അച്ഛൻ പോകുന്നു.
എന്നാൽ ആകാംക്ഷയും ആശങ്കയും കൊണ്ട് കുട്ടികൾ കൊറോണ വൈറസിനെക്കുറിച്ച് അപ്പോൾതന്നെ അറിയാൻ എന്താണു മാർഗമെന്നു ചിന്തിക്കുന്നു. വായു എന്ന സൂപ്പർഹീറോയോടു ചോദിക്കാമെന്ന് കൂട്ടത്തിൽ ഒരു കുട്ടി പറയുന്നു.
തുടർന്ന് അവർ വായുവിനെ വിളിക്കുന്നു. കുട്ടികളുടെ പ്രിയതോഴനായ വായു കുട്ടികളുടെ അടുത്തെത്തുകയും എന്താണു കൊറോണ എന്ന കുട്ടികളുടെ ചോദ്യത്തിനു വളരെ വിശദമായിത്തന്നെ വായു ഉത്തരം നൽകുകയും ചെയ്യുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
വൈറസുകളെക്കുറിച്ചും കൊറോണയെപ്പറ്റിയും രോഗം ബാധിക്കുന്നതിനെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചും പാലിക്കേണ്ട നടപടികളെക്കുറിച്ചും, പേടിയല്ല, ജാഗ്രതയാണ് വേണ്ടത് എന്നതിനെക്കുറിച്ചുമെല്ലാം വായു കുട്ടികളോടു വളരെ ലളിതമായും വ്യക്തമായും പറഞ്ഞു കൊടുക്കുന്നു.
മിക്ക കാര്യങ്ങളും ചിത്രങ്ങളാൽ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് കുട്ടികൾക്കു കാര്യങ്ങൾ പെട്ടെന്നു മനസിലാകും. കുട്ടികൾക്കു കൊറോണയെക്കുറിച്ചെല്ലാം പറഞ്ഞുകൊടുത്ത്, കൈക്കൊള്ളേണ്ട മുൻകരുതലുകൾ എടുക്കാൻ ഓർമിപ്പിച്ചുകൊണ്ട് വായു തിരിച്ചുപോകുന്പോൾ
കുട്ടികൾ വീടിനു പുറത്തെ കളികൾ തത്കാലം വേണ്ടെന്നും നമുക്കു വീടിനകത്തിരുന്നു കാരംസ് ബോർഡോ, ജിഗ്സ് പസിലോ കളിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യാമെന്നു പറയുന്നിടത്താണ് കോമിക് പുസ്തകം അവസാനിക്കുന്നത്.