പത്തനംതിട്ട: കോവിഡ് 19 വൈറസ് ബാധിതരെ സംശയത്തിന്റെ പേരിൽ നിരീക്ഷണത്തിലാക്കാൻ മുൻകൈയെടുത്ത ഡോ. ആനന്ദിന് അധികം വൈകാതെ തിരികെ ജോലികളിൽ പ്രവേശിക്കാനാകും.
അദ്ദേഹത്തിന്റെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി എത്തിയിരുന്നു. ആരോഗ്യവകുപ്പ് നിർദേശിച്ച നിരീക്ഷണകാലയളവും അവസാനിക്കുകയാണ്.
കഴിഞ്ഞ അഞ്ചിനു റാന്നി താലൂക്ക് ആശുപത്രിയിൽ പനിക്കു ചികിത്സ തേടിയെത്തിയ ദന്പതികളെ പരിശോധിച്ച ഡോ.ആനന്ദിനു ചില സംശയങ്ങളുണ്ടായി.
വിദേശരാജ്യങ്ങളിൽ എവിടെയെങ്കിലും പോയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നു മറുപടി. വീട്ടിൽ വിദേശത്തുനിന്ന് ആരെങ്കിലും വന്നിട്ടുണ്ടോയെന്നു രണ്ടാമത്തെ ചോദ്യം.
സഹോദരനും കുടുംബവും ഇറ്റലിയിൽനിന്നു വന്നിട്ടുണ്ടെന്നു മറുപടി. പിന്നീട് ഡോക്ടർക്ക് ഒന്നും ആലോചിക്കേണ്ടിവന്നില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ഡിഎംഒയ്ക്കും വിവരം കൈമാറി.
ഡോക്ടറുടെ പക്കൽ ചികിത്സ തേടിയെത്തിയ ഐത്തല സ്വദേശികളെത്തന്നെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
പിന്നാലെ ഐത്തലയിലെത്തി ഇറ്റലിയിൽനിന്നുവന്ന മൂന്നംഗ കുടുംബത്തെയും ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഏഴിനു രാത്രി ഐത്തലയിലെ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഡോ. ആനന്ദും നിരീക്ഷണത്തിലായി.
ഡോക്ടറുടെ സ്രവം പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിക്കു സമീപം അന്പലത്തിങ്കൽ കുടുംബത്തിലെ അംഗമാണ് ഡോ. ആനന്ദ്. കഴിഞ്ഞ മൂന്നുവർഷമായി റാന്നി താലൂക്ക് ആശുപത്രിയിലാണ് ജോലി നോക്കുന്നത്.