റോമിന്റെ വീഥികളിലൂടെ ഫ്രാൻസിസ് മാർപാപ്പ നടന്നു നീങ്ങി. അശാന്തമായിരുന്നു ആ മനസ്… പക്ഷേ ഉറച്ച ഒരു തീരുമാനമുണ്ടായിരുന്നു.
ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയിരിക്കുന്ന കൊറോണ വൈറസിനെതിരേ ആത്മീയ യുദ്ധം നടത്താനുള്ള തീരുമാനം. ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയിൽ നിന്ന് മോചനം ലഭിക്കാൻ ഞായറാഴ്ച മുഴുവൻ അദ്ദേഹം പ്രാർഥനയിലായിരുന്നു.
റോമിലുടനീളം തീർഥാടന യാത്ര നടത്തിയ അദ്ദേഹം സാന്താ മരിയ ബസിലിക്കയും സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ച് പ്രാർഥന നടത്തി. സാന്താ മരിയ ബസിലിക്കയിൽ കോറോണ വൈറസിന്റെ നിർമാർജനത്തിനായി മാതാവിന്റെ മധ്യസ്ഥം യാചിച്ച് മാർപാപ്പ പ്രാർഥിച്ചു.
തുടർന്ന് കാൽനടയായി സാൻ മർചെല്ലോ അൽ കോർസോ പള്ളിയിലെത്തി. അവിടുത്തെ അത്ഭുത കുരിശു രൂപത്തിന്റെ മുന്നിൽ നിന്ന് മഹാവ്യാധി പടർന്നു പിടിക്കാതിരിക്കാനും ദുരീകരണത്തിനും വേണ്ടി പ്രാർഥിച്ചു.
1,522-ൽ റോമിൽ പകർച്ചവ്യാധിയുണ്ടാകുകയും അതു പൂർണമായി മാറുകയും ചെയ്തപ്പോൾ നഗരത്തിലൂടെ ഈ വിശുദ്ധ കുരിശ് വഹിച്ച് തീർഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു. ലോകത്താകമാനമുള്ള കോറോണ രോഗികൾക്കു വേണ്ടിയും ഈ രോഗത്തിന് ഇരയായി മരണപ്പെട്ടവർക്കുവേണ്ടിയും മാർപാപ്പ പ്രാർഥിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ സമർപ്പിച്ച് പ്രാർഥിച്ച മാർപാപ്പാ രോഗികളായവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മനശാന്തി ലഭിക്കാനായി പ്രത്യേത പ്രാർഥനയും നടത്തി.
ഇതിനു മുന്പും മാർപാപ്പാമാർ ഇത്തരം മഹാമാരികൾക്കെതിരേ ആത്മീയ പ്രതിരോധം നടത്തിയിട്ടുണ്ട്. 1837-ൽ കോളറ പകർച്ചവ്യാധി നിർമാർജനം ചെയ്യുന്നതിനായി ഗ്രിഗറി പതിനാറാമൻ പാപ്പാ സാന്താ മരിയ ബസിലിക്കയിൽ മാതാവിന്റെ മധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ചിട്ടുണ്ട്.