ഏറ്റുമാനൂർ: കൊറോണ വൈറസ് ബാധ സംശയിച്ച് ഏറ്റുമാനൂരിൽ 64പേർ വീടുകളിൽ നിരീക്ഷണത്തിലായതിനെ തുടർന്ന് ഏറ്റുമാനൂർ ടൗണിലും പ്രദേശങ്ങളിലും നഗരസഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മറ്റു പൊതു ഇടങ്ങളിലും കൈ കഴുകുന്നതിന് വെള്ളം, സാനിറ്റെസർ എന്നിവ ക്രമീകരിച്ചു.
ഷോപ്പിംഗ് മാളുകൾ, പച്ചക്കറി കടകൾ, ബാങ്കുകൾ, ആളുകൾ കൂടുതലായി എത്തിച്ചേരുന്ന പൊതു ഇടങ്ങളിലൊക്കെയും സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ കൈ കഴുകുന്നതിനും സാനിറ്റെസർ സംവിധാനം ഒരുക്കണമെന്ന് കർശന നിർദേശം നൽകി.
പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ നോട്ടീസുകളും പതിപ്പിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം ഓഡിറ്റോറിയം, കല്യാണമണ്ഡപം എന്നിവ പൊതുപരിപാടികൾക്കായി 31വരെ നൽകരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാത്രി കാല തട്ടുകടകൾ, ബജ്ജി കടകൾ, മറ്റ് അനധികൃത സ്ഥാപനങ്ങൾ, പകൽ സമയത്ത് പ്രധാന റോഡുകളിൽ അനധികൃതമായി നടത്തുന്ന പഴവർഗ കച്ചവടങ്ങൾ എന്നിവ 31വരെ നിരോധിക്കും.
ഹോൾസെയിൽ മത്സ്യമാർക്കറ്റിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കരാറുകാരുടെ യോഗം ഇന്ന് ചേരുന്നുണ്ട്.
എല്ലാ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യോഗം ചേരും. ഹരിതകർമസേനയുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കും. യോഗത്തിൽ ചെയർമാൻ ജോർജ്് പുല്ലാട്ട് അധ്യക്ഷത വഹിച്ചു.