വൈപ്പിൻ: കോവിഡ് ഭീഷണിയിൽ നിയന്ത്രണങ്ങൾ വന്നതോടെ ജില്ലാ മത്സ്യഫെഡ് ഓഫീസിനു കീഴിൽ മാലിപ്പുറം ബീച്ച്, ഞാറക്കൽ, വൈക്കം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അക്വാ ടൂറിസം സെന്ററുകളിൽ താൽകാലികമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
ഇവിടുത്തെ ഫുഡ് കോർട്ടും അടച്ചിരിക്കുകയാണ്. മെയിന്റനൻസ് പണികളും, ഫിഷ് ഫാമിംഗും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിരവധി ടൂറിസ്റ്റുകൾ എത്തിയിരുന്ന ഇവിടെ കോവിഡ് ഭീഷണിയെ തുടർന്ന് സന്ദർശകർ തീരെ കുറഞ്ഞിരുന്നു.
വൈക്കം, മാലിപ്പുറം, ഞാറക്കൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തിയിരുന്ന ടൂർ പാക്കേജിനും ആളില്ലാതായി. ഈ സാഹചര്യത്തിലാണ് ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തിവച്ചത്.
കൂടാതെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചിലും അതിനോടനുബന്ധിച്ചുള്ള മുനന്പം മുസരീസ് ബീച്ചിലും പുതുവൈപ്പ് ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലുമെല്ലാം സന്ദർശകർ ചുരുങ്ങി. ബീച്ചുകളിലെ പല ഭക്ഷണ ശാലകളും താൽകാലികമായി അടച്ചുപൂട്ടി.