തൃശൂർ: കോവിഡ് വൈറസ് ബാധിച്ചെന്നു സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിൽ പൂട്ടിയിട്ടു. സംഭവത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ പോലീസ് അറസ്റ്റു ചെയ്തു.
തൃശൂർ മുണ്ടുപാലത്തെ ഫ്ളാറ്റിലാണു ഡോക്ടറെ പൂട്ടിയിട്ടത്. സൗദിയിലുള്ള ഡോക്ടറായ മകനെ സന്ദർശിച്ച് മടങ്ങിയെത്തിയ ഡോക്ടറെയാണു ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് പൂട്ടിയിട്ടത്.
ഡോക്ടർക്കു കോവിഡ് ബാധിച്ചിട്ടുണ്ടെന്നു സംശയിച്ച അവർ പൂട്ടിയിട്ട മുറിക്കു മുന്നിൽ ഡോ. കോവിഡ് എന്ന് എഴുതിവയ്ക്കുകയും ചെയ്തു.
ഫ്ളാറ്റിലെ മറ്റു താമസക്കാർ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നു ഡോക്ടർ പോലീസിൽ ഫോണിലൂടെ പരാതിപ്പെട്ടു. ഇതോടെ പോലീസ് സ്ഥലത്തെത്തി ഫ്ളാറ്റ് തുറന്ന് ഡോക്ടറേയും ഭാര്യയേയും മോചിപ്പിച്ചു.
ഇരുവർക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണമില്ലെന്നാണു റിപ്പോർട്ട്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ളാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റു ചെയ്ത് സ്വന്തം ജാമ്യത്തിൽ വിട്ടു.