തിരുവനന്തപുരം: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന ആവശ്യം സർക്കാർ തള്ളി. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളിൽ വലിയ ക്യൂ വരുന്നത് ഒഴിവാക്കുന്ന തരത്തിൽ സംവിധാനം ഏർപ്പെടുത്തും.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാർ തീരുമാനിച്ചു.
കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധി പ്രമുഖർ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ താത്കാലികമായി അടയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരുടെ സംഘടനയും സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം സർക്കാർ നിരാകരിക്കുകയായിരുന്നു.