
കോട്ടയം: മീൻകറിയും മുട്ടപൊരിച്ചതും കൂട്ടി സ്വാദിഷ്ടമായ ഉച്ചയൂണ്, ഇടവേളകളിൽ ഓറഞ്ച്, ആപ്പിൾ, മുന്തിരി ഉൾപ്പെടെയുള്ള ഫ്രൂട്സുകൾ. ഇടവേളകളിൽ പരിചരണത്തിന്റെ നഴ്സുമാരും പരിശോധനയ്ക്ക് ഡോക്ടർമാരും.
കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കഴിയുന്ന ഐസൊലേഷൻ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന രണ്ടു കുടുംബങ്ങൾ 10 ദിവസം കഴിഞ്ഞ അനുഭവങ്ങൾ ദീപികയോട് പങ്കുവയ്ക്കുന്നു:
28 ദിവസം
28 ദിവസം ആശുപത്രിയിൽ മറ്റു സന്പർക്കങ്ങളൊന്നുമില്ലാതെ ഐസൊലേഷൻ യൂണിറ്റിൽ കഴിയണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 10 ദിവസം മാത്രമേ പൂർത്തിയായിട്ടുള്ളു.
രോഗം ഭേദമാകാനും മറ്റുള്ളവരിലേക്കു പകരാതിരിക്കുന്നതിനു വേണ്ടിയാണല്ലോ ഇങ്ങനെ കഴിയുന്നതെന്ന ഒറ്റ ആശ്വാസം. അതിനാൽ കുഴപ്പമില്ല.
എങ്കിലും സമയവും ദിവസവും തള്ളിനീക്കാൻ നന്നേ പാടുപെടുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിൽകൂടിയുള്ള അന്വേഷണം ആശ്വാസം നൽകുന്നുണ്ട്.
കോട്ടയം മെഡിക്കൽ കോളജിലെ പേ വാർഡാണു ഐസൊലേഷൻ യൂണിറ്റായി പുനഃക്രമീകരിച്ചിരിക്കുന്നത്. ഒറ്റ മുറിയിൽ മൂന്നു പേരാണ് ഇവിടെ കഴിയുന്നത്. പത്തനംതിട്ടയിൽ അമ്മയും അച്ഛനും സഹോദരനും കഴിയുന്നു.
നല്ല ഭക്ഷണം
നാലു നേരവും നല്ല ഭക്ഷണമാണ് ലഭിക്കുന്നത്. ശുദ്ധമായ വെള്ളവും പഴവർഗങ്ങളും ഇടയ്ക്കു തരുന്നുണ്ട്. രാവിലെ ഇഡ്ലി, ദോശ, നെയ്റോസ്റ്റ്, അപ്പം എന്നിവയാണ് ലഭിക്കുന്നത്.
കടലക്കറി, ഗ്രീൻപീസ്, മുട്ടക്കറി എന്നിവയും ഉണ്ടാകും. ഉച്ചഭക്ഷണവും സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ്. ചോറിനൊപ്പം മീൻകറി, ഓംലറ്റ്, അവിയൽ, കൂട്ടുകറി, പപ്പടം, സാന്പാർ, മോരുകറി, അച്ചാർ എന്നിവയുണ്ട്. വൈകുന്നേരം നാലോടെ ചായയും ചെറുകടിയും ലഭിക്കും.
രാത്രി 7.30ന് അത്താഴം ലഭിക്കും. ചോറു വേണമെങ്കിൽ ചോറു തരും ചപ്പാത്തിയും കറിയുമാണു മിക്കപ്പോഴുമുള്ളത്. ഇടയ്ക്ക് ഒരു ദിവസം ബീഫ് കറിയും തന്നിരുന്നു.
ചോക്ലേറ്റുമായി ഡോക്ടർമാർ
കിടക്കുന്ന മുറി മൂന്നു നേരവും വൃത്തിയാക്കും. ശുചിത്വം കർശനമായി ഉറപ്പുവരുത്തുന്നുണ്ട്. ഡോക്ടേഴ്സ് ടീം എല്ലാ ദിവസവും വരും. സുഖാന്വേഷണം നടത്തും. ടീമിലെ ചില ഡോക്ടർമാർ ദിവസവും പല തവണകളിൽ അന്വേഷണത്തിനായി വരാറുണ്ട്.
ഡോ. ഹരിയും ഡോ. സജിത്തും നാലു വയസുള്ള ഞങ്ങളുടെ മോൾക്ക് എല്ലാ ദിവസവും ചോക്ലേറ്റ്, ബിസ്കറ്റ് എന്നിവയുമായെത്തും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുറിയും ബാത്ത് റൂമും അണുവിമുക്തമാക്കുന്നുണ്ട്. മെഡിക്കൽ സംഘം എല്ലാ ദിവസവും പല സമയങ്ങളിലായി എത്താറുണ്ട്.
പരിശോധന തുടരുന്നു
മരുന്നു കാര്യമായി ഇല്ല. ചുമയ്ക്കും കഫകെട്ടിനും മരുന്നുണ്ടായിരുന്നു. ഇപ്പോൾ തീർന്നു. കഴിഞ്ഞ ദിവസം ചെറിയ പനി വന്നപ്പോഴും മരുന്നു തന്നു. മറ്റു മരുന്നുകളൊന്നുമില്ല.
കുട്ടിയുടെ ഒഴികെ മറ്റുള്ളവരുടെ രക്ത സാന്പിളുകൾ ഇപ്പോൾ മൂന്നു തവണ പരിശോധന നടത്തി. മൂന്നാമത്തെ പരിശോധന ഫലം എത്തിയില്ല.
സോഷ്യൽ മീഡിയ
ടെലിവിഷൻ കാണാനുള്ള സൗകര്യമില്ല. സമയം കളയാൻ സോഷ്യൽ മീഡിയയാണ് ആശ്രയം. സുഹൃത്ത് നെറ്റ് ചാർജ് ചെയ്തു തരും. അതിനാൽ ഡേറ്റ കിട്ടും. സിനിമ കാണും, പാട്ടുകൾ കേൾക്കും. യു ട്യൂബ് വീഡിയോകൾ ആസ്വദിക്കും.
പിന്നെ ചാറ്റിംഗുമുണ്ട്. കഴിഞ്ഞ ദിവസം കുറെ പുസ്തകങ്ങൾ എത്തിച്ചിരുന്നു. ഇതു വായിച്ചു. ആവശ്യപ്പെട്ടതനുസരിച്ചു ബൈബിളും വായിക്കാനായി തന്നിരുന്നു.
എല്ലാവരും കട്ട സപ്പോർട്ട്
ഫോണിൽകൂടി എപ്പോഴും ആളുകൾ വിളിച്ച് സുഖാന്വേഷണം നടത്താറുണ്ട്. എല്ലാവരും നല്ല സപ്പോർട്ടാണ് തരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത എന്നിവർ ഇന്നലെ വിളിച്ചിരുന്നു.
തോമസ് ചാഴികാടൻ എംപിയും വി.എൻ. വാസവനും എല്ലാ ദിവസവും വിളിക്കാറുണ്ട്.
മാധ്യമപ്രവർത്തകരും വിളിച്ച് വാർത്തയ്ക്കൊപ്പം ക്ഷേമവും അന്വേഷിക്കുന്നു. ജനപ്രതിനിധികളും സാമൂഹ്യരംഗത്തെ പ്രമുഖരും അന്വേഷിക്കുന്നു. മാധ്യമപ്രവർത്തകരുടെ പിന്തുണയുമുണ്ട്.
നവജീവൻ ട്രസ്റ്റി പി.യു. തോമസ് സഹായവുമായി രംഗത്തുണ്ട്. ഒരു ഫാൻ ആവശ്യമാണെന്നു പറഞ്ഞപ്പോൾ പി.യു. തോമസാണ് നൽകിയത്.
ജോമി കുര്യാക്കോസ്