കോൽക്കത്ത: കോവിഡ് ബാധയിൽനിന്നു മുക്തി നേടാൻ ഗോമൂത്രം കുടിക്കണമെന്നു പ്രചരിപ്പിക്കാൻ പൊതുചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിലായി.
വടക്കൻ കോൽക്കത്തയിലെ ബിജെപി പ്രാദേശിക നേതാവ് നാരായൺ ചാറ്റർജി(40)യാണു തൊഴുത്തിൽ ഗോമൂത്രവിതരണ പ്രചാരണ പരിപാടി സംഘടിപ്പിച്ചതിനു പിടിയിലായത്.
ഗോമൂത്രം കുടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വോളന്റിയറുടെ പരാതിയിലായിരുന്നു അറസ്റ്റ്. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇവരിൽ കൊറോണ ബാധിതരുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
താൻ ആരെയും നിർബന്ധിച്ചു ഗോമൂത്രം കുടിപ്പിച്ചിട്ടില്ലെന്നും വിതരണം ചെയ്യുക മാത്രമാണു ചെയ്തതെന്നും ചാറ്റർജി പോലീസിനോടു പറഞ്ഞു.
ചാറ്റർജിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സംസ്ഥാന ബിജെപി നേതൃത്വം രൂക്ഷമായി വിമർശിച്ചു.
ഗോമൂത്രം ശരീരത്തിനു നല്ലതല്ലെന്ന് ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ആരെയും അവഹേളിക്കാനായിരുന്നില്ല ചാറ്റർജി ചടങ്ങ് സംഘടിപ്പിച്ചതെന്നും ബിജെപി ജനറൽ സെക്രട്ടറി സായന്തൻ ബസു പറഞ്ഞു.