കോഴിക്കോട്: കോവിഡ് 19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മാഹിയിലെ സ്ത്രീ സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയിട്ടും മൗനം പാലിച്ച് ആരോഗ്യവകുപ്പ്.
ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപോയ മാഹി ചാലക്കര സ്വദേശിയായ സ്ത്രീ സഞ്ചരിച്ച ഓട്ടോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച അന്വേഷണം ഇന്ന് പുലര്‍ച്ചെയും പോലീസ് തുടരുകയായിരുന്നു.
അതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ ഇന്നലെ ആശുപത്രിയിലെത്തിയ വിവരം പോലീസ് അറിയുന്നത്. ഈ വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്.
ഓട്ടോ കണ്ടെത്തുന്നതിനായി ടൗണ്‍ സിഐ ഉമേഷ്, എസ്ഐ കെ.ടി.ബിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയായിരുന്നു.
നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും മറ്റും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇവരുടെ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ചുള്ള വിവരം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഡ്രൈവറെ തിരിച്ചറിഞ്ഞാല്‍ അക്കാര്യം അറിയിക്കണമെന്നും ഡ്രൈവര്‍മാരോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് ബീച്ച് ആശുപത്രി പരിസരത്തെ കടകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
എന്നാല്‍ ഓട്ടോ തിരിച്ചറിയാനായില്ല. ഇന്നലെ രാത്രി മുഴുവനും ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
ആശുപത്രിയില്‍ നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ പരിശോധനക്കായി ഇന്നലെ എത്തിയെന്ന വിവരം മാത്രമായിരുന്നു പോലീസിന് ലഭിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞ വിവരം ആശുപത്രി അധികൃതരോ ജില്ലാ ആരോഗ്യവകുപ്പോ അറിയിച്ചിരുന്നില്ലെന്ന് ടൗണ്‍ സിഐ ഉമേഷ് പറഞ്ഞു.
അതേസമയം ഡ്രൈവറെ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ വിവരം ഡിഎംഒയെ അറിയിച്ചിരുന്നതായി ബീച്ച് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഇന്നലെ രാവിലെ മുതല്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും അറിയിപ്പ് കണ്ട് നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ എത്തിരുന്നു.
ഇവരില്‍ നിന്നെല്ലാം ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വൈകിട്ടോടെയാണ് സ്ത്രീ കയറിയ ഓട്ടോ ഡ്രൈവര്‍ തന്നെയാണ് രാവിലെ എത്തിയതെന്ന് ഏറെക്കൂറെ ഉറപ്പിച്ചത്.
അതേസമയം സ്ത്രീ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ തന്നെയാണോ ഇതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.