ചെല്ലാനം: തീരദേശം വറുതിയുടെ പിടിയിൽ. കഴിഞ്ഞ മൂന്ന് മാസക്കാലമായി മത്സ്യലഭ്യത ഇല്ലാതായിട്ട്.വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വൻതോതിൽ ചെമ്മിനും ചാളയും ലഭിക്കേണ്ട സമയത്താണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്. ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബിച്ച് എന്നിവിടങ്ങളിൽ മാത്രം അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്.
ലൈലാന്റ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങളെ കടലിൽ പോകുന്നുള്ളു. ഇവർക്കാകട്ടെ അഞ്ചോ ആറോ കലോ മീനും ചെറിയ അളവിൽ ഞണ്ടും മാത്രമെ ലഭിക്കുന്നുള്ളു.
മത്സ്യമേഖല പൂർണ്ണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
ചെറിയ തോതിൽ മത്സ്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന്് മത്സ്യങ്ങളുടൈ ശരീരം വിണ്ടുകീറുന്ന രോഗം വ്യാപകമാക്കുന്നത് ഉൾനാടൻമത്സ്യമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.