
മലപ്പുറം; കോവിഡ്-19 ഭീഷണി തടയുന്നതിന്റെ ഭാഗമായി മലപ്പുറം നഗരസഭാ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും മദ്യശാലകൾ ഈമാസം 31വരെ അടച്ചിടാനുള്ള നോട്ടീസ് നൽകാൻ മലപ്പുറം നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
ഇന്നു രാവിലെ അധികൃതർ നോട്ടീസ് നൽകും. കൊറോണ വൈറസ് വ്യാപനം തടയാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ ദിനംപ്രതി നൂറുക്കണക്കിനാളുകൾ വരുന്ന മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ലീഗ് കൗണ്‍സിലർ ഹാരീസ് ആമിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗണ്‍സിലിൽ ചർച്ചയ്ക്കു വന്നത്.
എന്നാൽ പ്രതിപക്ഷത്തുള്ള ഇടതു അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തു. മദ്യശാലകൾ അടച്ചിടാനുള്ള ഭരണസമിതിയുടെ ശ്രമത്തിനു പിന്നിൽ ആത്മാർഥതയില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും പ്രതിപക്ഷം തുറന്നടിച്ചു.
വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി മദ്യശാലകളിലേക്കു എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുകയാണെങ്കിൽ അതു സ്വാഗതാർഹമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അതേ സമയം മുനിസിപ്പൽ ആക്ട് പ്രകാരം മദ്യശാലകൾക്കു നോട്ടീസ് നൽകാൻ സെക്രട്ടറിക്കു അധികാരമുണ്ടെന്നും ഇവർ തിരിച്ചടിച്ചു. എന്നാൽ മദ്യശാലകൾ അടച്ചിടാനുള്ള നോട്ടീസ് നൽകാൻ നിയമപ്രകാരം കഴിയില്ലെന്നു സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ഇതേത്തുടർന്നു ഏറെ സമയം നീണ്ട വാദപ്രതിവാദത്തിനുശേഷം പ്രതിപക്ഷത്തിൻറെ വിയോജിപ്പോടെ നടപടിക്കു കൗണ്‍സിൽ അംഗീകാരം നൽകുകയായിരുന്നു. മുസ്ലിംലീഗ് ആണ് നഗരസഭ ഭരിക്കുന്നത്.