വളപട്ടണം: കോവിഡ് 19 ഭീതിപടരുന്നതിനിടയിൽ പത്തനംതിട്ടയിൽ നിന്നും വിവാഹസംഘം കണ്ണൂരിൽ.
ചിറക്കൽകടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണു പത്തനംതിട്ടയിൽ നിന്നുള്ള 18 പേർ ഉൾപ്പെടെയുള്ള 40 അംഗ വിവാഹസംഘമെത്തിയത്. കല്യാണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബഹളമായി.
വിവരമറിഞ്ഞു വളപട്ടണം പോലീസും ചിറക്കൽ പഞ്ചായത്ത്, വില്ലേജ്, ആരോഗ്യവകുപ്പ് അധികൃതരും കണ്ണൂർ കളക്ടേറ്റിലെ കൊറോണ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഇന്നു മൂന്നു വിവാഹമാണു ക്ഷേത്രത്തിൽ നടക്കുന്നത്.
മറ്റു രണ്ടു വിവാഹവും കണ്ണൂർ പരിസരത്തുള്ളവരുടെതാണ്. പത്തനംതിട്ടക്കാരുടെ വിവാഹസംഘത്തോടു കല്യാണമണ്ഡപത്തിൽ ഇരുഭാഗത്തു നിന്നും അഞ്ചുപേർ മാത്രം മതിയെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചപ്പോഴാണു ബഹളമായത്.
ബാക്കിയുള്ളവരോട് ബസിൽ നിന്നും ഇറങ്ങരുതെന്നും പോലീസ് അഭ്യർഥിച്ചു. കഴിഞ്ഞവർഷം നവംബറിലാണ് പത്തനംതിട്ട സ്വദേശികൾ വിവാഹം ബുക്ക് ചെയ്തത്.
സർക്കാർ നടപടികളുമായി സഹകരിക്കാമെന്ന ധാരണയിൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാരെ പോലീസ് തിരിച്ചയക്കുകയാണ്.