കൊല്ലം : പോലീസ് കൈ കാണിച്ചപ്പോൾ ഓട്ടോറിക്ഷ നിർത്തിയില്ലെന്ന കാരണം പറഞ്ഞ് ഓട്ടോയുടെ പിൻസീറ്റിലിരുന്ന നിരപരാധികളെ കിളികൊല്ലൂർ പോലീസ് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതി കൊല്ലം ജില്ലാ പോലീസ് മേധാവി (സിറ്റി) യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
എതിർകക്ഷികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സത്യസന്ധവും നിഷ്പക്ഷവുമായി അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സർക്കാർ ഉദ്യോഗസ്ഥനായ കൊല്ലം മങ്ങാട് സ്വദേശി അജി ജോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2019 സെപ്റ്റംബർ 12 ന് രാത്രിയാണ് അജി ജോസഫിനെയും ഉറ്റ ബന്ധുവായ പയസിനെയും പോലീസ് മർദ്ദിച്ചത്. അജിയുടെ തലയിൽ എസ് ഐ ടോർച്ച് കൊണ്ട ടിച്ചു. തലയിൽ അഞ്ച് സ്റ്റിച്ചിട്ടു. ബന്ധുവിനെ ക്രൂരമായി മർദ്ദിച്ചു.
മർദ്ദനം തടയാൻ ശ്രമിച്ച നാട്ടുകാരെ പോലീസുകാർ ആക്രമിച്ചു. എസ് ഐ ക്കെതിരെ കേസുകൊടുത്താൽ നീതിനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കമ്മീഷൻ കൊല്ലം സിറ്റിപോലീസ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി.
അജുജോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളായ പോലീസ് ഉദ്യോഗസ്ഥരെ കെ എ പി അടൂർ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ടെ ന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എതിർകക്ഷികളായ പോലീസ് ഉദ്യോഗസ്ഥർ പരാതി നിഷേധിച്ച് കമ്മീഷനിൽ വിശദീകരണം സമർപ്പിച്ചു. എന്നാൽ വൂണ്ട ് സർട്ടിഫിക്കേറ്റിന്റെ പകർപ്പ് സഹിതം പരാതിക്കാരൻ പരാതി ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് നടപടി.