സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്ത് നിരവധി ആളുകളുമായി അടുത്തിടപഴകിയ പശ്ചാത്തലത്തിൽ കുട്ടനെല്ലൂർ പ്രദേശത്തും പൂരത്തിനെത്തിയവരെ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് കരുതൽ നിരീക്ഷണ നടപടികൾ ശക്തമാക്കി.
വിദേശികളുമായി അടുത്തിടപഴകിയ നൂറോളം പേരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ഒരാളെ തൃശൂർ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ സാന്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഇന്നുമുതൽ കുട്ടനെല്ലൂരിലും പരിസരത്തും ആരോഗ്യവകുപ്പ് അധികൃതർ വീടുവീടാന്തരം കയറിയിറങ്ങി എന്തെല്ലാം മുൻകരുതലുകൾ കൈക്കൊള്ളണമെന്നതിനെക്കുറിച്ചും പൂരത്തിനു വിദേശികളുമായി അടുത്തിടപഴകിയവരുണ്ടെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ബോധവത്കരണവും നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകും.
കുട്ടനെല്ലൂർ ട്രോളുകളും വൈറൽ
കുട്ടനെല്ലൂർ പൂരത്തിനു പോയിരുന്നോ എന്നാണു ട്രോളുകളിലെ വൈറലായിട്ടുള്ള ചോദ്യം.
പരസ്പരം കണ്ടുമുട്ടുന്പോൾ രണ്ടുപേർ അങ്ങോട്ടുമിങ്ങോട്ടും അഭിവാദ്യം ചെയ്യുന്നത് ഈ ചോദ്യം ഉന്നയിച്ചാണ്.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ബിജുമേനോന്റെ കിടിലൻ രംഗവും കുട്ടനെല്ലൂർ ട്രോളിൽ ഉപയോഗിക്കുന്നുണ്ട്.
ആശങ്കവേണ്ടെന്നും ജാഗ്രത മതിയെന്നുമുള്ള ബോധവത്കരണമാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.