തിരുവനന്തപുരം: കോവിഡ് 19 ബാധ സംബന്ധിച്ച് പരിശോധനയ്ക്കായി സംസ്ഥാനത്തെ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്.
കേരളത്തിൽ ഇപ്പോൾ ഏഴ് ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
എൻഐവി ആലപ്പുഴയിലായിരുന്നു ആരംഭഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. മാർച്ച് 10ന് കോഴിക്കോട് മെഡിക്കൽ കോളജിലും മാർച്ച് 11ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും (വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു.
മാർച്ച് 16ന് തൃശൂർ മെഡിക്കൽ കോളജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വിആർഡിഎൽ ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐസിഎംആർ അനുമതി നൽകിയിരുന്നു.
പരിശോധന
കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ സ്റ്റെറൈൽ സ്വാബ് ഉപയോഗിച്ച് വൈറൽ ട്രാൻസ്പോർട്ട് മീഡയത്തിലാണ് (വിടിഎം) ശേഖരിക്കുന്നത്.
ഇതിനെ ട്രിപ്പിൾ ലെയർ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതിൽ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐഡി നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തും.
ഇതിനോടൊപ്പം രോഗവിവരവും യാത്രാവിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂർണ മേൽവിലാസവും ഫോൺനമ്പരും എന്നിവ നൽകണം.
തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയയ്ക്കുന്നതെങ്കിൽ ട്രിപ്പിൾ ലയർ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയയ്ക്കുന്നതെങ്കിൽ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെർമ്മോകോൾ ബോക്സിലാണ് അയയ്ക്കുന്നത്.
രണ്ട് ദിവസം വരെ ഈ സാമ്പിളുകൾ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാൽ ഈ സാമ്പിളുകൾ ഫ്രീസറിലേക്ക് മാറ്റും. കൂടുതൽ ദിവസങ്ങളിൽ സൂക്ഷിക്കുന്നെങ്കിൽ -80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.
രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീൻ പരിശോധനകൾക്കായുള്ള റിയൽടൈം റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് പിസിആർ എന്ന മോളിക്കുളാർ പരിശോധനയാണ് ആദ്യം നടത്തുന്നത്.
എൻഐവി പൂനയിൽ നിന്നു ലഭിക്കുന്ന റീയേജന്റ് കിറ്റ് ഉപയോഗിച്ചാണ് ഈ പരിശോധന. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളിൽ നിന്ന് ആർഎൻഎയെ വേർതിരിക്കുന്നു.
ഇതിന് നാല് മണിക്കൂർ വരെ വേണം. ഇതിനെ റിയൽ ടൈം പിസിആർ മെഷീനിൽ വയ്ക്കുന്നു. ഈ മെഷീനിലൂടെ രണ്ടു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും.
രോഗ സ്ഥിരീകരണം
കോവിഡ് ഇല്ലെങ്കിൽ ഈ പരിശോധനയിൽ തന്നെ അറിയാനാകും. ഇ-ജീൻ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീർണമായ ഇത്തരത്തിലുള്ള നാല്പതോളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബിൽ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുക.
കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീൻ ഉണ്ടെന്ന് കണ്ടെത്തിയാൽ പിന്നെ രോഗം സ്ഥിരീകരിക്കാൻ ഒരു പരിശോധന കൂടി നടത്തണം. ആർഡിആർപി, ഒആർഎഫ് 1 ബി ജീനുകൾ കണ്ടെത്താനുള്ള പരിശോധനയാണിത്.
ഇതിനായി വേർതിരിച്ച ആർഎൻഎയെ റിയൽ ടൈം പിസിആർ മെഷീനിൽ വയ്ക്കുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഈ ഫലവും ലഭിക്കുന്നു.
ആർഡിആർപി, ഒആർഎഫ് 1 ബി ജീനുകൾ കണ്ടെത്തിയാൽ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.
എൻഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്.
എൻഐവി പൂനെ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിർത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.
പരിശോധിച്ചത് 2,500 സാന്പിളുകൾ
അധികം വരുന്ന സാമ്പിളുകളിൽ നിന്നും രോഗപകർച്ച ഉണ്ടാകാതിരിക്കാൻ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുന്നു.
അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാൽ മാത്രമേ രോഗിയെ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. ഒരു കോടി രൂപയാളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2,500 ഓളം സാമ്പിൾ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളിൽ നടത്തിയത്.
ചെലവ് 3,000 രൂപ
ആദ്യത്തെ മൂന്ന് പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകൾ വീണ്ടും സ്ഥിരീകരിക്കാനായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.