കോട്ടയം: ട്രെയിൻ ഇറങ്ങിയാൽ എത്രയും വേഗം പുറത്തെത്താൻ പരക്കം പാഞ്ഞിരുന്നവർ ഇപ്പോൾ ക്ഷമയോടെ ക്യൂ നിൽക്കുകയാണ്. അൽപ്പം വൈകിയാലും ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് ഉറപ്പിക്കാൻ മുഖം മറച്ചുള്ള കാത്തു നിൽപ്പ്.
ഇൻഫ്രാ റെഡ് തെർമോമീറ്റർ നെറ്റിക്കുനേരെ പിടിക്കുന്നതിനു മുൻപുതന്നെ എന്തായി? എന്ന് ആകാംക്ഷയോടെ ആരോഗ്യ പ്രവർത്തകരോട് ചോദിക്കുന്നവരുണ്ട്. കുഴപ്പമില്ലെന്ന മറുപടി കേൾക്കുന്പോൾ ആശ്വാസം നിറഞ്ഞ പുഞ്ചിരിയുമായി പുറത്തേക്ക്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കും ശരീരോഷ്മാവ് കൂടുതലുള്ളവർക്കും വീട്ടിൽ പോയി ജനസന്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകും.
റോണ പ്രതിരോധ ജാഗ്രതയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡസ്കിൽ രാത്രിയും പകലും ഇതാണ് സ്ഥിതി. പരിശോധനയ്ക്കു വിധേയരാകുന്ന എല്ലാവരുടെയും വിവരങ്ങൾ ഇവിടെ കൃത്യമായി രേഖപ്പെടുത്തും.
ഹോം ക്വാറന്റയിൻ നിർദേശം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനമുണ്ട്.പോലീസും ആരോഗ്യവകുപ്പിലെ ജീവനക്കാരുമടങ്ങുന്ന നാലു ടീമുകളാണ് നാലു ഷിഫ്റ്റുകളിലായി ഇവിടെ പ്രവർത്തിക്കുന്നത്.
സ്കൂൾ ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരാണ് സംഘത്തിലുള്ളത്. വയോമിത്രം പദ്ധതിയിലെ ഡോക്ടറുടെ സേവനവും ഹെൽപ്പ് ഡെസ്കിൽ ലഭ്യമാണ്.
ദൂരയാത്ര കഴിഞ്ഞു വരുന്നവരുടെ ശരീരോഷ്മാവ്, പൂർണ മേൽവിലാസം, ഫോണ് നന്പർ എന്നിവയാണ് രേഖപ്പെടുത്തുന്നത്. പനി, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ വിശദ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് അയയ്ക്കും.
ഇതിന് ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്.കൊറോണ പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പാലിക്കേണ്ട ശീലങ്ങളെക്കുറിച്ചും ഹെൽപ്പ് ഡസ്കിൽനിന്നു നൽകുന്ന നിർദേശങ്ങൾ ഭൂരിഭാഗം യാത്രക്കാരും ശ്രദ്ധയോടെ കേൾക്കും.
സംശയങ്ങൾ ഉന്നയിക്കുന്നവരും ഏറെയുണ്ട്. ഇവിടെനിന്നു നൽകുന്ന ലഘുലേഖ വാങ്ങി കൈവശം സൂക്ഷിച്ചാണ് പുറത്തേക്ക് പോകുക. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും രോഗപ്രതിരോധ നടപടികൾക്ക് റെയിൽവേ പൂർണ പിന്തുണ നൽകുന്നുണ്ട്.
ബ്രേക്ക് ദ ചെയിൻ കാന്പയിനിന്റെ ഭാഗമായി കൈ കഴുകുന്നതിന് സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങൾ നിരവധി യാത്രക്കാർ ഉപയോഗിക്കുന്നു. പ്ലാറ്റ്ഫോമിലും കൈ കഴുകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സ്റ്റേഷൻ മാനേജർ ബാബു തോമസ് പറഞ്ഞു.