തൊടുപുഴ: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 481 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഒരാള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്.
ബുധനാഴ്ച ജില്ലയില്‍ 31 പേരുടെയും ഇന്നലെ 15 പേരുടെയും ഉള്‍പ്പെടെ 46 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തു.ഇതില്‍ 23 പേരുടെ ഫലം വന്നതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. 23 പേരുടെ ഫലം ലഭിക്കാനുണ്ട്.
അതേ സമയം മുന്‍കരുതലെന്ന നിലയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കൂടുതല്‍ ഐസൊലേഷന്‍ മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്.
തൊടുപുഴ ചാഴികാട്ട് ആശുപത്രി-20,സെന്റ്മേരീസ് തൊടുപുഴ-10,കട്ടപ്പന സെന്റ് ജോണ്‍സ് -13,അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ -4,അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ്-10,മുതലക്കോടം ഹോളിഫാമിലി-10,ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി 14,തൊടുപുഴ ജില്ലാ ആശുപത്രി-10 എന്നിങ്ങനെ 91 ഐസൊലേഷന്‍ മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിനു പുറമെ വിവിധ ആശുപത്രികളിലായി നാലുവാര്‍ഡുകളും ഇവിടെ 19 ബെഡുകളും ക്രമീകരിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 36 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂര്‍ ഹെല്പ് ഡെസ്ക്ക്
തൊടുപുഴ: കൊറോണ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി. ഫോണ്‍:04862232221,233118.