കൊച്ചി: കൊച്ചി കോർപറേഷനിലെ ഇ ഗവേൺസ് സംവിധാനം പൂർണതോതിൽ നടപ്പാക്കാത്ത ടിസിഎസ് കന്പനിക്കു കരാർ നീട്ടിനൽകാനുള്ള ഭരണപക്ഷ തീരുമാനം പ്രതിപക്ഷ ഇടപെടലിനെത്തുടർന്നു മാറ്റിവച്ചു.
എട്ടു കോടി രൂപ കൈപ്പറ്റിയിട്ടും ഇ ഗവേണ്‍സ് സംവിധാനം വിജയകരമായ നടപ്പാക്കാൻ ടിസിഎസിനു സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം തീരുമാനത്തെ എതിർത്തത്.
എന്നാൽ തദ്ദേശ സ്വയംഭരണവകുപ്പിനു കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) കരാർ കൈമാറാനുള്ള ഡേറ്റാ ലഭിക്കുന്നതിനാണ് സേവനം നീട്ടി നൽകാൻ ആലോചിച്ചതെന്നു മേയർ കൗണ്‍സിലിനെ അറിയിച്ചു.
പ്രതിപക്ഷ എതിർപ്പിനെ മറികടന്നു ടിസിഎസിനു നേരത്തെ കാലാവധി നീട്ടി നൽകിയതുവഴി നഗരസഭയ്ക്കു നഷ്ടമുണ്ടായെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ പറഞ്ഞു.
പല തവണ കാലാവധി നീട്ടിനൽകിയിട്ടും ടിസിഎസ് സെർവറിലെ ഡാറ്റാ കൈമാറുകയോ ഓണ്‍ലൈൻ സേവനങ്ങൾ ശരിയാക്കി നൽകുകയോ ചെയ്തില്ല. നിലവിൽ ടിസിഎസ് സേവനം ഉപേക്ഷിച്ചു പോയിരിക്കുകയാണെന്നും വി.പി. ചന്ദ്രൻ പറഞ്ഞു.
ഡാറ്റാ നിറഞ്ഞ സെർവർ അപ്ഗ്രേഡ് ചെയ്യുകയും ഡാറ്റാ ഐകെഎമ്മിനു കൈമാറുകയും ചെയ്യണമെങ്കിൽ ടിസിഎസിലെ ജീവനക്കാരുടെ സേവനം ആവശ്യമാണെന്നു മേയർ സൗമിനി ജെയിൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു.
ഈ യോഗത്തിൽ രണ്ടു ജീവനക്കാരുടെ സേവനം ലഭ്യമാക്കാമെന്നു ടിസിഎസ് അധികൃതർ സമ്മതിച്ചിരുന്നു. ജീവനക്കാരുടെ ശന്പളം കോർപറേഷൻ നൽകണമെന്നും യോഗത്തിൽ ടിസിഎസ് ആവശ്യം ഉന്നയിച്ചിരുന്നു. 50,000 രൂപ വീതം നൽകാമെന്നു മന്ത്രിയും തത്വത്തിൽ സമ്മതിച്ചിരുന്നതായും മേയർ പറഞ്ഞു.
ഇക്കാര്യം മിനിട്സിൽ രേഖപ്പെടുത്താത്തതിനാൽ നടപ്പിലായില്ല. ഇത് സൂചിപ്പിച്ചു സർക്കാരിലേക്ക് കത്ത് എഴുതാനാണ് കൗണ്‍സിലിൽ അജണ്ട കൊണ്ടുവന്നതെന്നു മേയർ വിശദീകരിച്ചു. ടിസിഎസിലെ ജീവനക്കാരുടെ സേവനം ലഭ്യമാകാതെ ഡാറ്റാ തിരിച്ചെടുക്കാൻ സാധ്യമല്ലെന്നും മേയർ പറഞ്ഞു.
കോടിക്കണക്കിന് രൂപ വാങ്ങിയിട്ടും പലതവണ കരാർ പുതുക്കി നൽകിയിട്ടും പദ്ധതികൾ പൂർത്തീകരിച്ചു നൽകാത്ത കന്പനിക്ക് ഇനി പണം നൽകുന്നത് ശരിയല്ലെന്നു പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെത്തുടർന്ന് അജണ്ട മാറ്റിവച്ചതായി മേയർ അറിയിച്ചു.