ആലപ്പുഴ: ജില്ലയിൽ ആയിരത്തിലധികം ആളുകൾ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതിയയിരുന്നു അക്ഷര മുത്തശി കാർത്യായനിയമ്മയുടെ മനസു നിറയെ.
ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകൾ നിരീക്ഷണത്തിലുണ്ടെന്ന് കാർത്യായനിയമ്മ അറിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസിൽ കാർത്യായനിയമ്മ നാലാംതരം പാസായത്.
അക്ഷരം പഠിച്ച അന്നുമുതൽ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്. കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീഷണത്തിലുള്ളവർക്കായി തനിക്കെന്ത് ചെയ്യാനാകുമെന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയയ്ക്കാൻ തീരുമാനിച്ചത്.
എന്റെ പ്രിയപ്പെട്ട മക്കളെ… എന്നു തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനിയമ്മ.
കൊറോണയെ നമുക്ക് എല്ലാവർക്കൊന്നിച്ച് നേരിടാം. ഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഇക്കാര്യം അറിഞ്ഞ കളക്ടർ എം. അഞ്ജന കാർത്യായനിയമ്മയുടെ വീട്ടിൽ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി.
ഹസ്തദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പുകൈകളോടെ നമസ്തേ പറഞ്ഞാണ് കാർത്യായനിയമ്മ കളക്ടറെ സ്വീകരിച്ചത്. കോവിഡ് 19 ബാധ ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാർത്യായനിയമ്മയുമായി കളക്ടർ ചർച്ച ചെയ്തു.
നാരീ പുരസ്കാരം സ്വീകരിക്കാനായി ഡൽഹിയിൽ പോയ വിശേഷങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു. ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന മുഴുവൻ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്.
ഐസൊലേഷൻ കഴിയുന്ന ആളുകൾക്ക് ഈ കത്ത് അയയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. സാക്ഷരതാ പ്രേരക് സതി, ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.