വടക്കഞ്ചേരി: കർഷകരുടെ നെല്ലെടുക്കൽ വൈകിപ്പിച്ച് സ്വകാര്യമില്ലുകാർക്ക് ചുളുവിലയ്ക്ക് നെല്ല് സംഭരിക്കാൻ സൗകര്യങ്ങളൊരുക്കുന്ന ഏജന്റുമാർക്കെതിരേ നടപടിവേണമെന്ന ആവശ്യവുമായി കർഷകർ.
രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ് ഒരുമാസത്തോളമായിട്ടും നെല്ലെടുക്കൽ നടപടികൾക്ക് ഇനിയും വേഗതയില്ലെന്നാണ് പരാതി. ഇതുമൂലം വീട്ടുമുറ്റത്തും കളങ്ങളിലും നെല്ലുകൂട്ടിയിട്ട് കാവലിരിക്കുകയാണ് കർഷകർ.
മാനത്ത് വേനൽമഴയുടെ ലക്ഷണങ്ങൾ കണ്ടാൽ കർഷകരുടെ ആധിയേറും. മഴ നനഞ്ഞാൽ നഷ്ടത്തിന്റെ തോത് കണക്കാക്കാനാകില്ല. കിട്ടിയ ചാക്കുകളിൽ നെല്ലുനിറച്ചും മറ്റുള്ളത് ഒന്നിച്ച് കൂട്ടിയിട്ടുമാണ് പലയിടത്തായി നെല്ല് സൂക്ഷിച്ചുവയ്ക്കുന്നത്.
ആഴ്ചകളേറെ കഴിഞ്ഞതിനാൽ പലയിടത്തും എലിശല്യവും രൂക്ഷമാണ്. ടാർപോളിനും മറ്റും വാങ്ങിയും വാടകയ്ക്ക് എടുത്തുമാണ് നെല്ലുനിറച്ച ചാക്കുകൾ മൂടിവയ്ക്കുന്നത്. കണ്ണന്പ്ര പഞ്ചായത്തിലെ വടക്കുമുറി പാടശേഖരത്തിലുള്ള നൂറിൽപരം കർഷകരുടെയും നെല്ല് ഇനിയും കൊണ്ടുപോകാനുണ്ട്.
നാളെവരും, ഇനി വൈകില്ലെന്ന് എന്നെല്ലാം പറഞ്ഞു കർഷകരെ കഷ്ടപ്പെടുത്തുന്ന സ്ഥിതി തുടരുകയാണ്. മെയിൻ റൂട്ടിലെയും താത്പര്യമുള്ളവരുടെയും നെല്ല് ആദ്യം എടുക്കുന്ന വഴിവിട്ട നടപടികളും നടക്കുന്നതായി പരാതിയുണ്ട്. അനുകൂല കാലാവസ്ഥയായിരുന്നതിനാൽ ഇക്കുറി രണ്ടാംവിളയ്ക്ക് വിളവു കൂടുതലുണ്ട്.
അധിക നെല്ല് കൂടിയെടുക്കാൻ അധികൃതരുടെ കാൽ പിടിക്കേണ്ട സ്ഥിതിയും ചില പാടശേഖരങ്ങളിലെ കർഷകർക്ക് ഉണ്ടാകുന്നുണ്ട്.
വിളവുകൂട്ടി കർഷകർ എന്തോ തെറ്റുചെയ്ത പോലയാണത്രേ അധികൃതരുടെ സമീപനം.
കർഷകർക്ക് തുണയാകേണ്ട കൃഷിഭവനുകൾ ചിലയിടങ്ങളിൽ കർഷകദ്രോഹ നടപടികൾക്ക് ജീവനക്കാർ കൂട്ടുനില്ക്കുന്നെന്ന പരാതികളും വ്യാപകമാണ്.