ആലപ്പുഴ: കുട്ടനാട്ടിൽ അടുത്തടുത്തുള്ള രണ്ടു പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് മുപ്പതിൽ റെജി ചാക്കോയാണു ശനിയാഴ്ച പുലർച്ചെ മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിങ്കുന്ന് കിഴക്കേചിറയിൽ കുഞ്ഞുമോൾ (55) വെള്ളിയാഴ്ച രാത്രി ഒന്പതോടെയാണ് മരിച്ചിരുന്നു.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഗവ.എൽപി സ്കൂളിനു സമീപം പുരയ്ക്കൽ കൊച്ചുമോൻ ആന്റണി എന്നയാളുടെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന രണ്ടു പടക്ക നിർമാണശാലകളിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.20ഓടെയായിരുന്നു സംഭവം. പടക്കനിർമാണശാലയിലെ തൊഴിലാളികളായ ഒന്പതുപേരിൽ ഏഴുപേർ സ്ത്രീകളാണ്.
തങ്കച്ചൻ എന്നയാളുടെ പേരിലുള്ള സ്ഥലത്താണ് ഒരു നിർമാണശാല പ്രവർത്തിക്കുന്നത്. സമീപത്തുള്ള ബിനോയ് എന്നയാളുടെ വീടിനു മുൻവശത്താണ് തകർന്ന മറ്റൊരു ഷെഡ്.
ഇരു കെട്ടിടങ്ങളും തമ്മിൽ അഞ്ചു മീറ്ററിന്റെ അകലം മാത്രമാണുള്ളത്. പടക്കനിർമാണശാലയ്ക്കു സമീപത്തെ മറ്റു രണ്ടു വീടുകളുമായി മൂന്നു മീറ്ററിൽ താഴെ മാത്രം അകലമാണുള്ളത്.
സ്ഫോടനത്തെ തുടർന്ന് ഈ രണ്ടു വീടുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. പടക്കനിർമാണശാലയ്ക്കു വില്പനയ്ക്കു മാത്രമാണ് ലൈസൻസ് ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.