അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മാലിന്യം കുന്നുകൂടുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ. ആശുപത്രിയുടെ തെക്ക് ഭാഗത്ത് കളപ്പുരക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറു വശത്തായാണ് ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത്.
ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകരാണ് ദിവസവും രാവിലെ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഇവിടെ മാലിന്യം തള്ളുന്നത്. ശസ്ത്രക്രിയ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് റോഡരികിലെ മൈതാനിയിൽ തള്ളുന്നത്.
ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ആരോഗ്യ വകുപ്പ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിരവധി മാസ്കുകളാണ് ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. മാലിന്യങ്ങൾ തെരുവുനായ്ക്കളും കാക്കകളും മറ്റു മൃഗങ്ങളും കടിച്ചുവലിച്ച് സമീപത്തെ വീടുകളുടെ പരിസരത്ത് കൊണ്ടിടുന്നതു മൂലം ജനങ്ങളും പരിഭ്രാന്തിയിലാണ്.
കോവിഡ് 19 വ്യാപിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട ആശുപത്രി അധികൃതർ തന്നെ മാലിന്യം തുറസായ സ്ഥലത്ത് തള്ളുകയാണ്. ആശുപത്രി മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാൻ സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടേയും പൊതുജനങ്ങളുടേയും ആവശ്യം.