
വൈപ്പിൻ: അഴിമതിക്കെതിരേ പ്രതികരിച്ച പൊതുപ്രവർത്തകരോട് മോശമായി പെരുമാറിയ വില്ലേജ് ഓഫീസറെ 24 മണിക്കൂറിനുള്ളിൽ സബ്കളക്ടർ സ്ഥലം മാറ്റി. പുതുവൈപ്പ് വില്ലേജ് ഓഫീസർ പി.വി. അശോകനെയാണ് സ്ഥലം മാറ്റിയത്.
കൊച്ചി തഹസിൽദാരുടെ ഫോണ്‍ സന്ദേശം വഴിയുള്ള റിപ്പോർട്ടിലാണ് നടപടി. കാക്കനാട് എൻഎച്ച് നന്പർ വണ്‍ പൊന്നുംവില സ്പെഷൽ തഹസിൽദാരുടെ കാര്യാലയത്തിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. പകരം പുതുവൈപ്പ് വില്ലേജ് ഓഫീസറായി റവന്യൂ ഇൻസ്പെക്ടർ രുമ കെ. സ്വാമിയെ ഇന്നലെ തന്നെ നിയമിച്ചു.
പുതുവൈപ്പ് വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിനടക്കുന്നത് സംബന്ധിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് മറ്റ് നേതാക്കാളായ ഡെനിസണ്‍ കോമത്ത്, പി.എസ്. ഷാജി എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഈ അടുത്ത് ഒരു പൊസഷൻ സർട്ടിഫിക്കറ്റിനായി ഒരു ഇടനിലക്കാരൻ മൂന്ന് ലക്ഷം രൂപ അപേക്ഷകനോട് ചോദിച്ചെന്ന് ആരോപണത്തെക്കുറിച്ചാണ് നേതാക്കൾ ചോദിച്ചത്. എന്നാൽ ഇദ്ദേഹമാകട്ടെ പൊതുപ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടും വളരെ മോശമായി പെരുമാറുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ച് സിപിഐ ഇന്നലെ വില്ലേജ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചിരുന്നു. പൊസഷൻ സർട്ടിഫിക്കറ്റിനും മറ്റുമുള്ള ന്യായമായ അപേക്ഷകൾ മനപ്പൂർവം വച്ച് താമസിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകാതെ അപേക്ഷകരെ വലയ്ക്കുകയുമാണ് വില്ലേജിലെ നടപടി.
സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ളവർ ഇടനിലക്കാർ മുഖേന പണം നൽകിയാണ് ഇവിടെ കാര്യങ്ങൾ സാധിക്കുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം. ഉപരോധവിവരം അറിഞ്ഞ് റവന്യു ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥന്മാരും തഹസിൽദാരും സ്ഥലത്തെത്തി.
ഇവർക്കെതിരേ സിപിഐ നേതാക്കൾ പരാതി നൽകി. പല അപേക്ഷകളിന്മേലും കാലതാമസം വരുത്തി എന്ന ആരോപണത്തിൽ കഴന്പുള്ളതായി ബോധ്യപ്പെട്ടതിനാലും പൊതുപ്രവർത്തകരെ അവഹേളിച്ചതും കണക്കിലെടുത്താണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയത്.