പെരുമ്പാവൂർ: എറണാകുളം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 പ്രതിരോധ കൺട്രോൾ റൂമിൽ രണ്ടു ഷിഫ്റ്റുകളിലായി കോൾ സെന്ററിൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ജയ് ഭാരത് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളാണ്.
കോവിഡിന്റെ ലക്ഷണങ്ങൾ, നിരീക്ഷണ കാലാവധി, വിദേശത്തുനിന്നെത്തുന്ന ബന്ധുക്കളുടെ നിരീക്ഷണം തുടങ്ങിയ പൊതുജനങ്ങളുടെ വിവിധ സംശയങ്ങൾക്ക് അനുയോജ്യമായ നിർദേശങ്ങൾ നൽകി ഭീതിയകറ്റുകയാണ് ഇതിന്റെ പ്രവർത്തന ലക്ഷ്യം.
രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും വൈകീട്ട് 6 മുതൽ രാത്രി 9 വരെയുമാണ് ഷിഫ്റ്റ്.ഐസൊലേഷനിലും വീടുകളിലും തുടരുന്ന വ്യക്തികളുടെ ഓരോ ദിവസത്തെയും ആരോഗ്യ നിലവാരം വിലയിരുത്താനായി വിളിച്ച് അന്വേഷിക്കുകയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും, ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് സേവനങ്ങൾ ഫോണിലൂടെ ലഭ്യമാക്കാനുമുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിലെ സർവൈലൻസ് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
സമ്പർക്ക വിലക്കിൽ കഴിയുന്നവരെ നിരീക്ഷിക്കാനും അവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുവാനും പ്രവർത്തിക്കുന്ന ടീമിൽ ഡോക്ടർമാർ, കൗൺസിലർമാർ, സോഷ്യൽ വർക്ക് ട്രെയിനീസ്, നഴ്സിംഗ് വിദ്യാർഥികൾ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും പ്രവർത്തിക്കുന്നുണ്ട്.