കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജീവൻ ജോർജിന് ഒടുവിൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ. ബാലുശേരി ഇൻസ്പെക്ടറായാണ് പുതിയ നിയമനം.
കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ കണ്ടെത്തിയ എസ്ഐയ് ആയിരുന്നു
ജീവൻ ജോർജ്.
വടകര റൂറല്‍ പോലീസിന് കീഴിലെ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഇന്‍സ്പക്ടറായ ജീവന് ജോര്‍ജ്ജിന് യോഗ്യതയുണ്ടായിട്ടും 16 വര്‍ഷമായി സ്ഥാനകയറ്റം നല്കാന് ആഭ്യന്തരവകുപ്പ് തയാറാവാത്തത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
2004 ലാണ് ജീവന്‍ജോര്‍ജ്ജ് എസ്ഐയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ക്രമസമാധാന പാലനത്തിനിടെ നേരിടേണ്ടി വന്ന പരാതികളെ തുടര്‍ന്ന് ഏതാനും കേസുകള്‍ ജീവന് ജോര്ജ്ജിനെതിരേയുണ്ടായിരുന്നു.
ഇക്കാരണത്താലായിരുന്നു സ്ഥാനകയറ്റം നല്കാന് ആഭ്യന്തരവകുപ്പ് തയാറാവാതിരുന്നത്. എന്നാല്‍ വകുപ്പ്തല നടപടികളുള്‍പ്പെടെ എല്ലാ വിധ പരാതികളും 2018 -ല്‍ തീര്‍പ്പായിരുന്നു.
ജീവന് ജോര്‍ജ്ജിന്റെ ബാച്ചിലെ മറ്റ് എസ്ഐമാരെല്ലാം സ്ഥാനം കയറ്റം ലഭിച്ചപ്പോഴും ഇന്‍സ്പക്ടര്‍ പോസ്റ്റിൽതന്നെ വർഷങ്ങളോളം ജോലി ചെയ്തു.
നിര്‍ണായകമായ പല കേസുകളും അന്വേഷിച്ച് പ്രതിയെ കണ്ടെത്തുന്നതില്‍ സമർത്തനായിട്ടും അർഹതപ്പെട്ട് സ്ഥാന കയറ്റം കിട്ടുന്നതിന് വർഷങ്ങൾ പിന്നെയും എടുത്തു.
സംസ്ഥാനത്തിനുള്ളിലും പുറത്തുമായി ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരുടെ ചുരുളഴിച്ചതും ജീവന്ജോര്ജ്ജിന്റെ അന്വേഷണത്തിലൂടെയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൂടത്തായ് പൊന്നാമറ്റത്തില്‍ ടോം തോമസിന്റെതടക്കം കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ സംശയമുയര്‍ത്തി ടോമിന്റെ ഇളയ മകന് അമേരിക്കയിലുള്ള റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
എസ്പി കെ.ജി. സൈമണ്‍ വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജിനെ ഏല്‍പ്പിച്ചു. കൂടത്തായിക്കടുത്ത തിരുവന്പാടി സ്വദേശിയായ ജീവന് ജോര്‍ജ് മലയോര മേഖലയിലെ സൗഹൃദം ഉപയോഗിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് സംഭവം കൊലപാതക സൂചനയിലേക്ക് നയിച്ചത്.
ടോം തോമസിന്റെ നാടായ കൂടത്തായ്, അനുജന് സക്കറിയ മാസ്റ്ററുടെ നാടായ കോടഞ്ചേരി പുലിക്കയം , ടോമിന്റെ ബന്ധുവീടുകള്‍ എന്നിവിടങ്ങളില്‍ രണ്ടുമാസത്തോളം ജീവന് ജോര്‍ജ് കറങ്ങിനടന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു.
സക്കറിയ മാസ്റ്ററുടെ മകനും അധ്യാപകനുമായ ഷാജുവിനെ ജോളി പുനഃര്‍വിവാഹം ചെയ്തതിലും, സ്വത്തിന് അര്ഹതയില്ലാതിരിക്കെ ടോം തോമസിന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന വീടും പറന്പും വ്യാജ ഒസ്യത്ത് തയാറാക്കി ജോളി തന്റെ പേരിലേക്ക് മാറ്റിയതും കണ്ടെത്തിയതോടെ ജോളിയിലേക്ക് അന്വേഷണം നീളുകയും ആറു കൊലപാതകങ്ങള്‍ക്കു പിന്നിലും ജോളിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ജീവന് സഞ്ചരിച്ച വഴിയേ സ്പെഷല്‍ സ്ക്വാഡ് യാത്രതുടര്ന്നാണ് കൂടത്തായ് കേസുകള്‍ കോടതിയിലെത്തിച്ചത്.