കാസർഗോഡ്: ജില്ലയിലെ രണ്ടാമത്തെ കോവിഡ്-19 ബാധിതന്റെ റൂട്ട് മാപ്പ് തയാറാക്കൽ ജില്ലാ ഭരണകൂടത്തിന് തലവേദനയാകുന്നു. മാർച്ച് 11ന് പുലർച്ചെ 2.30ന് ദുബായിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ ഐഎക്സ് 334 വിമാനത്തിൽ കയറിയ വ്യക്തി രാവിലെ 7.30ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. അന്ന് കോഴിക്കോട് ഒരു ഹോട്ടലിൽ റൂമെടുത്ത് തങ്ങി.
പിറ്റേന്ന് രാവിലെ ട്രെയിൻ മാർഗമാണ് ഇയാൾ കാസർഗോട്ടെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ എസ്-9 കന്പാർട്ട്മെന്റിലാണ് യാത്ര ചെയ്തത്. 12 മുതൽ 17 വരെ ഇയാൾ കാസർഗോട്ടുണ്ടായിരുന്നു.
രണ്ടു വിവാഹങ്ങളിലും ബന്ധുവിന്റെ കുട്ടിയുടെ തൊട്ടിൽ കെട്ടൽ ചടങ്ങിലും ഒരു മരണവീട്ടിലും ഒരു ഫുട്ബോൾ മത്സരവും ഉൾപ്പെടെ ഇയാൾ പങ്കെടുത്തതായാണ് സൂചന.
രോഗലക്ഷണങ്ങളെത്തുടർന്ന് 17നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കെത്തുന്നത്. തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ശ്രമകരമാണെന്ന് ജില്ലാ കളക്ടർ ഡി. സജിത്ബാബു പറഞ്ഞു. ഇയാൾ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കാതെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.