തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളതു 3698 പേർ. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഒന്‍പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പത്തുപേരെ ഡിസ്ചാർജ് ചെയ്തു.
21 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 377 സാന്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 349 എണ്ണത്തിന്റെ ഫലം വന്നു. 28 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 33 പരിശോധനാഫലവും നെഗറ്റീവാണ്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനുളള കൗണ്‍സലിംഗ് തുടരുന്നുണ്ട്. 113 പേർക്കു ഫോണിലൂടെ കൗണ്‍സലിംഗ് നൽകി. നാട്ടുകാർ ഒറ്റപ്പെടുത്തുന്നു എന്ന പരാതി ചിലർ ഉന്നയിച്ചു.
സമൂഹത്തിനുവേണ്ടിയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതെന്നും ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതുൾപ്പെടെയുളള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് ഇതുവരെ പോലീസ് രേഖപ്പെടുത്തി.
നെടുന്പാശേരി വിമാനത്താവളത്തിൽ സ്ക്രീനിംഗിനെതുടർന്നു വീടുകളിൽ കഴിയണമെന്ന നിർദേശത്തോടെ ജില്ലയിലെ പത്തുപേരെ അവരവരുടെ വീടുകളിൽ എത്തിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടത്തുന്ന ഗൃഹസന്ദർശനം തുടരുകയാണ്. സ്വയരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുത്താന്പുള്ളി ഭാഗത്തെ നെയ്ത്തുശാലകളിൽ ചിലത് അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ട്.