ഒറ്റപ്പാലം: കോടതിക്കുമുന്പിൽ ആളുകൾ നോക്കിനില്ക്കേ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. എംഎ സിടി കോടതിക്കുമുന്പിൽ വച്ചാണ് കോടതി കൂടുന്നതിനു തൊട്ടുമുന്പ് ഒറ്റപ്പാലം ബാറിലെ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടിയത്.
ഒറ്റപ്പാലം ബാർ അസോസിയേഷനിൽനിന്നും ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രതികളാവുന്നവർക്ക് സൗജന്യ നിയമസഹായം നല്കുന്നത് സംബന്ധിച്ച് അഭിഭാഷകരെ ചുമതലപ്പെടുത്തുന്ന പാനൽ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.
താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽനിന്നും അഡ്വക്കേറ്റ് പാനൽ സമർപ്പിക്കുന്പോൾ അർഹതപ്പെട്ട അഭിഭാഷകരുടെ പേര് ഉൾപ്പെടുത്തിയില്ലന്ന കാരണത്താലാണ് പ്രശ്നങ്ങൾ ഉണ്ടായത്.
പാനലിൽ ഉൾപ്പെടുന്ന അഭിഭാഷകന് പ്രതികൾക്ക് നിയമസഹായം നല്കിയാലും ഇല്ലെങ്കിലും ദിനംപ്രതി 750 രൂപ പാനലിൽ ഉൾപ്പെട്ടാൽ ലഭിക്കും. യാത്രാദൂരം ഉണ്ടെങ്കിൽ ഇത് 1500 രൂപ വരെയായി വർധിക്കും.
താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ക്രിമിനൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ഉൾപ്പെടുത്തിയുള്ള പാനലിൽനിന്നാണ് ഓരോ പോലീസ് സ്റ്റേഷനുകളിലേക്കും അഭിഭാഷകരെ നിയോഗിക്കുന്നത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്യുന്ന പ്രതികൾക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് സൗജന്യമായി ഇവർക്ക് അഭിഭാഷരെ നിയോഗിക്കാൻ സർക്കാർ പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഒറ്റപ്പാലം ബാർ അസോസിയേഷന് കീഴിൽ വരുന്ന ഒറ്റപ്പാലം, ചെർപ്പുളശേരി, ഷൊർണൂർ, പട്ടാന്പി, ചാലിശേരി, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളിലേക്കാണ് പ്രതികൾക്ക് നിയമസഹായത്തിന്റെ ഭാഗമായി അഭിഭാഷകരെ നിയോഗിക്കാനുള്ള പാനൽ തയാറാക്കിയത്.
എന്നാൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിലെ ചിലരെ കൂട്ടുപിടിച്ച് ഏകപക്ഷീയമായി ചിലർ പാനൽ തയാറാക്കുകയും അർഹതയില്ലാത്തവരെ തിരുകി കയറ്റുകയും അർഹതപ്പെട്ടവരെ തഴയുകയും ചെയ്തുവെന്നാണ് വ്യാപകമായി വിമർശനം ഉയർന്നത്.
ഇതേ തുടർന്നുണ്ടായ തർക്കത്തിൽ അഭിഭാഷകർ തമ്മിൽ ചേരി തിരിയുകയാണ് ഉണ്ടായത്. പാനലിന് പുറത്തായ അഭിഭാഷകർ പാനൽ തയാറാക്കിയവരെ ചോദ്യം ചെയ്തതാണ് കൈയാങ്കളി യിലേക്ക് കാര്യങ്ങങ്ങൾ എത്തിച്ചത്. അഭിഭാഷകർ തന്നെ പിന്നീട് ഇവരെ പിടിച്ചുമാറ്റി.
പാനൽ സംബന്ധിച്ച് ജില്ലാ ജഡ്ജിക്ക് പരാതി നല്കാനാണ് ഒരു വിഭാഗം അഭിഭാഷകരുടെ തീരുമാനം. തേസമയം പട്ടാന്പി കോടതിയിൽനിന്നും ആരും ഈ പാനലിൽ ഉൾപ്പെട്ടിട്ടില്ലന്ന് പട്ടാന്പിയിലെ അഭിഭാഷകർ പറയുന്നു. ഇതുകൊണ്ടുതന്നെ ഈ പാനലിനെതിരെ പരാതി നല്കുമെന്ന് ഇവർ പറഞ്ഞു.
അതേസമയം ചർച്ചചെയ്ത് രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം കോടതിക്കുമുന്പിൽ ഏറ്റുമുട്ടൽ നടത്തിയ അഭിഭാഷകരുടെ നടപടി വിവാദമായിട്ടുണ്ട്.