കോഴിക്കോട്: മൈസൂര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറിന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി ബിനോയിയുടെ നേതൃത്വത്തില്‍ സിഐ പി.അനില്‍കുമാറും സംഘവുമാണ് കേസ് അന്വേഷിക്കുക.
സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ കൊലപാതകിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 നാണ് ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണ ഒത്തു ചേരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. ശാലു മരിക്കുന്നതിന് തൊട്ടു മുമ്പാണ് കോഴിക്കോടെത്തിയത്.
കോഴിക്കോട് എത്തുന്നതിന് മുമ്പ് ശാലു വിളിച്ച് ആരോ നിരന്തരം ഉപദ്രവിക്കുന്നെന്ന് പറഞ്ഞതായി പുന്ര്ജനി പ്രവര്‍ത്തക സിസിലി ജോണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കോഴിക്കോട്ടെത്തിയശേഷം ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് പലരും കണ്ടിരുന്നു. പിന്നീടാണ് ശാലു മരിച്ചത്.
സംഭവത്തില്‍ നടക്കാവ് പോലീസായിരുന്നു കേസ് അന്വേഷിച്ചത്. ഒരു വര്‍ഷത്തെ അന്വേഷണത്തിലും ശാലുവുമായി അവസാനം സംസാരിച്ചത് ആരെന്നോ ശാലുവിനെ ഫോണില്‍ വിളിച്ച് ഉപദ്രവിച്ചതാരെന്നോ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
കേസന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പരിചിതരായവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.
കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളുമേറ്റിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ഫലമുണ്ടായില്ല.
പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്ന രീതിയില്‍വരെ പ്രചാരണമുണ്ടായി.
എന്നാല്‍ അറസ്റ്റുണ്ടായില്ല. കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയായിരുന്നു. നടക്കാവ് സിഐ പ്രേംജിത്തായിരുന്നു ആദ്യം കേസന്വേഷിച്ചത്.