വടകര: കൊറോണ ഭീതി കനത്തതോടെ നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്കു പലായനം ആരംഭിച്ചു.
നിർമാണ മേഖലയിലും ഹോട്ടൽ, ബെയ്ക്കറി, ഫാസ്റ്റ് ഫുഡ് കടകളിലും ബാർബർ ഷോപ്പുകളിലും നിറ സാന്നിധ്യമായിരുന്ന ഉത്തരേന്ത്യക്കാർ കൊറോണ ഭീഷണി നില നിൽക്കെ നാട്ടിലേക്കു മടങ്ങുകയാണ്.
ജോലി കുറഞ്ഞതു കൊണ്ടും രോഗബാധിതരാവുമോ എന്ന ഭയം കൊണ്ടും കൂട്ടമായി നാട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുകയാണ് ഇവർ.
ദീർഘദൂര വണ്ടികൾ പലതും റദ്ദാക്കിയതിനാലും ഓടുന്നവയിൽ ടിക്കറ്റും സീറ്റും ലഭിക്കാനുള്ള പ്രയാസവും കണക്കിലെടുത്ത് സ്പെഷ്യൽ ബസ് വിളിച്ചാണ് ലഗേജുമായി നാട്ടിലേക്ക് യാത്രയാവുന്നത്.
രണ്ടും മൂന്നും ദിവസം യാത്ര ചെയ്താലെ പലർക്കും അവരവരുടെ ഉൗരുകളിലെത്തൂ. യാത്രാമധ്യേ പലയിടങ്ങളിലും നടക്കാനിടയുള്ള പരിശോധനയും ഭക്ഷണ ദൗർലഭ്യവും ഇവരെ അസ്വസ്ഥരാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും കൊറോണ ഭീഷണിയുള്ളതിനാൽ സ്വന്തം വീടിനെ പറ്റിയും കൂടുംബങ്ങളെപ്പറ്റിയും ആശങ്കയിലാണിവർ.
വർഷങ്ങളായി രാവിലെ വടകര നാരായണ നഗറിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നായിരുന്നു ഇക്കൂട്ടർ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കു പോയിരുന്നത്.
അതേ ബസ് സ്റ്റാന്റ് പരിസരത്തു നിന്നു തന്നെ ഇവർ സ്വയം രക്ഷാർഥം ഇപ്പോൾ നാട്ടിലേക്കുള്ള യാത്രയിലാണ്. വർഷങ്ങളായി വടകരക്കാരുടെ ഒട്ടു മിക്ക കാര്യങ്ങളിലും ഒഴിച്ചു കൂടാൻ പറ്റാത്ത സാന്നിധ്യമായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ.
ഇവർ സ്ഥലം വിടുന്നതോടെ പല മേഖലയിലും ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്ത അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ് സത്യം. പ്രത്യേകിച്ചും പുതിയ തലമുറ തീരെ നോക്കാനിടയില്ലാത്ത ബാർബർ ഷോപ്പിലും ജെന്റ്സ് ബ്യൂട്ടി പാർലറുകളിലും. ഇതോടൊപ്പം നിർമാണ മേഖലയിലും ഇവരുടെ അഭാവം ഭാവിയിൽ വെല്ലുവിളി സൃഷ്ടിക്കും.